അമ്പലപ്പുഴ: വറുതിയുടെ പിടിയലമർന്നിരുന്ന കടലോരത്തിന് നേരിയ ആശ്വാസമായി ചെമ്മീൻ, കൊഴുവ ചാകര. വ്യാഴാഴ്ച പുന്നപ്ര പറവൂർ ഗലീലിയ കടപ്പുറത്തുനിന്ന് കടലിലിറക്കിയ വള്ളങ്ങൾക്കാണ് വല നിറയെ മീൻ കിട്ടിയത്. എന്നാൽ, ചെമ്മീനുപോലും വിലയിടിഞ്ഞത് തൊഴിലാളികൾക്ക് വിഷമത്തിനിടയാക്കി. നാരൻ ചെമ്മീൻ കിലോയ്ക്ക് 325 രൂപയ്ക്കാണ് വിറ്റുപോയത്. കഴിഞ്ഞദിവസംവരെ നാരന് അഞ്ഞൂറു രൂപയുണ്ടായിരുന്നു. പൂവാലൻ ചെമ്മീന് 210 രൂപ കിട്ടിയിരുന്നത് വ്യാഴാഴ്ച നൂറ്റൻപതായി താഴ്ന്നു.

കൊഴുവ കുട്ടയ്ക്ക് എഴുന്നൂറു രൂപയ്ക്കാണ് വിറ്റുപോയത്. ഇത് പ്രധാനമായും അന്യസംസ്ഥാനങ്ങളിലെ കാലിത്തീറ്റ, കോഴിത്തീറ്റ ഫാക്ടറികളിലേക്കാണ് കൊണ്ടുപോയത്. ആന്ധ്രാ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽനിന്ന് യഥേഷ്ടം ചെമ്മീൻ എത്തുന്നതാണ് വില കുത്തനെ ഇടിയാൻ കാരണമായത്. വില കുറവെങ്കിലും കടലിലിറക്കിയ വള്ളങ്ങൾക്ക് നാൽപതിനായിരം മുതൽ ഒരു ലക്ഷംവരെ കിട്ടിയവരുണ്ട്. ട്രോളിങ്‌ നിരോധനം അവസാനിക്കാൻ ദിവസങ്ങൾമാത്രം അവശേഷിക്കുമ്പോഴാണ് ചാകരയുണ്ടായത്.

31ന് നിരോധനം അവസാനിക്കുന്നതോടെ യന്ത്രവത്കൃതബോട്ടുകൾ കടലിലിറങ്ങും. പരമ്പരാഗത തൊഴിലാളികളുടെമാത്രം നേട്ടത്തിന്റെ കാലവും അതോടെ തീരും. 45 ദിവസം പരമ്പരാഗതയാനങ്ങൾമാത്രം കടലിലിറക്കാവുന്ന നിരോധനകാലയളവിൽ, വിരലിലെണ്ണാവുന്ന ദിവസങ്ങളിൽമാത്രമാണ് തൊഴിലാളികൾക്ക് മെച്ചപ്പെട്ട കോള് ലഭിച്ചത്. അധികം ദിവസവും കടലേറ്റംമൂലം വള്ളം കരയ്ക്കുകയറ്റിവയ്ക്കേണ്ടിവരികയും ചെയ്തു. പരമ്പരാഗത തൊഴിലാളികൾ ഏറെ പ്രതീഷയോടെ കാത്തിരുന്ന ട്രോളിങ്‌ നിരോധനകാലമാണ് കാര്യമായ നേട്ടമൊന്നുമില്ലാതെ അവസാനിക്കുന്നത്.