ആലപ്പുഴ: ജലഗതാഗത വകുപ്പ് കുട്ടനാടുവാസികളോട് കാണിക്കുന്ന അവഗണയ്‌ക്കെതിരെ കൈനകരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആലപ്പുഴ ജലഗതാഗത വകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നിൽ  ഉപവാസം നടത്തി.
 
കെ.പി.സി.സി. എക്സിക്യുട്ടീവ്  അംഗം അലക്സ് മാത്യു ഉദ്ഘാടനം  ചെയ്തു. മാസങ്ങളായി ബോട്ട്ജെട്ടിയിൽ ബോട്ട് അടുക്കാത്തതിനെ തുടർന്ന് മാതാ ജെട്ടിയിലാണ് യാത്രക്കാർ ഇറങ്ങിയിരുന്നത്. ഇത് യാത്രാക്ലേശമുണ്ടാക്കുന്നുവെന്നാരോപിച്ചായിരുന്നു ഉപവാസം. 
 
എന്നാൽ, സമരം  അട്ടിമറിക്കാനാണ് മണൽ പൂർണമായും നീക്കം ചെയ്യാതെ പഴയജെട്ടിയിൽ സർവീസ് പുനരാരംഭിച്ചതെന്ന്  കമ്മിറ്റി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് എസ്.ഡി. രവി അധ്യക്ഷനായി. കെ.ഗോപകുമാർ, സജി ജോസഫ്, ജോസഫ് ചേക്കോടൻ, നോബിൻ പി.ജോൺ തുടങ്ങിയവർ പങ്കെടുത്തു.