ആലപ്പുഴ: നഗരത്തിലെ പൈപ്പുവെള്ളത്തിന്റെ കലക്കൽ മാറാൻ കുറഞ്ഞതു മൂന്നു ദിവസം കൂടി കാക്കണമെന്ന് അധികൃതർ. ചാത്തനാട്, കിടങ്ങാംപറമ്പ്, ജില്ലാക്കോടതി, കൈതവന, പഴവീട് ഭാഗങ്ങളിൽ ശുദ്ധജലം കിട്ടാതെ  ജനം ബുദ്ധിമുട്ടുകയാണ്. രണ്ടുദിവസമായി കലക്കവെള്ളം തന്നെയാണ് ജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.  തുരുമ്പുനിറമുള്ള കലക്കവെള്ളത്തിനു കാരണം പൈപ്പിൽ പറ്റിപ്പിടിച്ചിരുന്ന അവശിഷ്ടങ്ങളാണെന്നാണ് വിദഗ്‌ധർ പറയുന്നത്. വെള്ളത്തോടൊപ്പം അവശിഷ്ടങ്ങളും ചേർന്ന് കലക്കവെള്ളമായി മാറുന്നു. പുതിയ ജലവിതരണപദ്ധതി നിലവിൽ വന്നപ്പോഴും പഴയ പൈപ്പുകൾ പലയിടത്തും മാറിയിട്ടില്ല.
 
മുൻപത്തേക്കാൾ കൂടുതൽ ശക്തിയിലാണ് ജലം പൈപ്പ് ലൈനിലൂടെ ഒഴുകുന്നത്. അതുകൊണ്ടാണ് വെള്ളം കലങ്ങി വരുന്നതെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എ.മുഹമ്മദ് റാഷിദ് പറഞ്ഞു. വെള്ളത്തിൽ പുഴു വരാൻ സാധ്യതയില്ല. ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ  പുഴുവുണ്ടാവില്ല. മറ്റു കാരണങ്ങളാകാം ഇതിനു കാരണമെന്നും അദ്ദേഹം പറയുന്നു. പൈപ്പു പൊട്ടൽ മൂലം അമ്പലപ്പുഴയിൽ നിന്നുള്ള പമ്പിങ്ങ് നടക്കുന്നില്ല. വെള്ളം കൃത്യമായി എത്തിയാൽ മാത്രമേ  കലക്കവെള്ളം പമ്പു ചെയ്ത് ഒഴുക്കിക്കളയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 
 
കരുമാടിയിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി ജല അതോറിറ്റിയെ സമീപിച്ചപ്പോൾ ജീവനക്കാരില്ലെന്നാണ് മറുപടി ലഭിച്ചെന്നു പ്രദേശവാസി പറയുന്നു. മഴക്കാലമായതിനാൽ വേഗത്തിൽ പണി പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് അധികൃതർ പറയുന്നു. പൈപ്പുപൊട്ടി മലിനജലം കലർന്നിട്ടാണ് കലക്കവെള്ളമെന്ന ആശങ്കയിലാണ് ജനങ്ങൾ. എന്നാൽ, ശക്തിയായി വെള്ളമൊഴുകുമ്പോൾ മാലിന്യങ്ങൾ വെള്ളത്തിലേക്ക് കലരാൻ സാധ്യതയില്ലെന്നാണ് അധികൃതരുടെ സാക്ഷ്യം.
 
പൈപ്പുപൊട്ടൽ അന്വേഷിക്കണം
 
ആലപ്പുഴ: തുടർച്ചയായ പൈപ്പ് പൊട്ടൽ സർക്കാർ അന്വേഷിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.  കുടിവെള്ള മേഖലയെപ്പറ്റി മുനിസിപ്പൽ ചെയർമാന്റെ പ്രസ്താവന അപക്വമാണെന്നെന്നും അവർ പറഞ്ഞു. പദ്ധതിയുടെ പരാജയകാരണങ്ങൾ പലതാണ്.  തകഴിയിൽനിന്നുളള പ്ലാന്റിൽ ശുദ്ധജല വിതരണം രാത്രി സമയങ്ങളിൽ നടക്കുന്നില്ല. കൂടാതെ തുടർച്ചയായ പൈപ്പുപൊട്ടലും വൈദ്യുതി മുടക്കവും പമ്പിങ്ങിനു തടസ്സമാകുന്നു.