ആലപ്പുഴ: ബോട്ടുജെട്ടിയിലെ ആഴംകൂട്ടൽ പ്രക്രിയ ഇതുവരെ പൂർത്തിയായില്ല. ഉദ്യോഗസ്ഥരുടെ അലംഭാവമോ, തൊഴിലാളികളുടെ അനാസ്ഥയോ അല്ല കാരണം.  ജെട്ടിക്ക് സമീപമുള്ള കനാലിനടിയിലെ പ്ലാസ്റ്റിക് മാലിന്യംതന്നെ. ചുരുങ്ങിയസമയം കൊണ്ട് പ്ലാസ്റ്റിക് മാലിന്യക്കലവറയായി മാറിയിരിക്കുകയാണ് ബോട്ടുജെട്ടി. ഉപയോഗിച്ച പഴകിയതുണി, സെക്കിൾടയർ, പ്ലാസ്റ്റിക് കിറ്റ് തുടങ്ങി കളിപ്പാട്ടങ്ങൾ  വരെയാണ് കനാലിനടിയിൽനിന്ന് ഡ്രഡ്‍ജർ വലിച്ച് പുറത്തിട്ടത്. ജെട്ടിയിൽനിന്ന് 900 മീറ്റർ നീളത്തിലാണ് ഡ്രഡ്ജറിന്റെ പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. യന്ത്രസഹായത്തിൽ കനാലിനടിയിലെ മണ്ണും ചെളിയും വലിച്ചെടുത്തുമാറ്റുന്ന പ്രക്രിയയ്ക്ക് പ്ലാസ്റ്റിക് കാരണം നിരന്തരം തടസമുണ്ടാകുന്നു.
 
യാത്രക്കാർ നിക്ഷേപിക്കുന്ന മാലിന്യത്തിനുപുറമേ നഗരത്തിലെ രണ്ട് വലിയ മാലിന്യക്കുഴലുകൾ  കനാലിലേക്കാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിലൂടെയൊഴുകിയെത്തുന്ന മാലിന്യവും കനാലിലെ വെള്ളം മലിനമാക്കുന്നുണ്ട്. യന്ത്രത്തിൽ കുരുങ്ങുന്ന മാലിന്യം അപ്പപ്പോൾ നീക്കംചെയ്താൽ മാത്രമേ  ഡ്രഡ്‍ജർ പ്രവർത്തിക്കുകയുള്ളു.ഡ്രഡ്ജർ പ്രവർത്തിപ്പിക്കുന്ന ഓരോ 15 മിനിറ്റിനുശേഷം യന്ത്രത്തിന്റെ ബ്ലേഡിലടിയുന്ന പ്ലാസ്റ്റിക് നീക്കം ചെയ്യാൻ ഒരു മണിക്കൂറിൽ‍ കൂടുതൽ സമയം  വേണമെന്ന് തൊഴിലാളികൾ പറയുന്നു. ഔട്ട് പോസ്റ്റിന് സമീപത്തുനിന്നുള്ള 80 മീറ്റർ ദൂരത്തിന്റെ മാത്രം  ആഴം കൂട്ടാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു.
 
രണ്ടുദിവസംകൊണ്ട് തീർക്കാൻ കഴിയുന്ന ജോലിയാണ് പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരിക്കുന്നതിനാൽ ചെയ്തുതീർക്കാൻ കഴിയാത്തത്. 
ജൂൺ അഞ്ചിനകം പണിപൂർത്തിയായി പഴയജെട്ടിയിലേക്ക് ബോട്ട് അടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും  ഡ്രഡ്ജിങ് പൂർണമായിട്ടില്ല.  യാത്രക്കാരുടെ പരാതിയെ തുടർന്ന്  പഴയജെട്ടിയിൽ ചൊവ്വാഴ്ച മുതൽ‍ ബോട്ടടുക്കുന്നുണ്ട്. ആഴം കൂട്ടൽ പൂർത്തിയാകാത്തതിനാൽ അൽപം ദൂരെമാറിയാണ് ബോട്ടടുക്കുന്നത്.  പുരവഞ്ചികളിൽനിന്നുള്ള മാലിന്യത്തിനു പുറമേ ബോട്ടുജെട്ടിയെലെത്തുന്ന യാത്രക്കാരും കനാലിലേക്ക് മാലിന്യം വലിച്ചെറിയുന്നുണ്ട്. മറ്റുരാജ്യങ്ങളിൽ കനാലുകൾ വൃത്തിയായി സംരക്ഷിക്കപ്പെടുമ്പോൾ ആലപ്പുഴയിൽ അവ മാലിന്യത്തൊട്ടികളായി മാറിയിരിക്കുന്നുവെന്ന് ജലഗതാഗത ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.