അരൂര്‍: ജനറം കുടിവെള്ള പൈപ്പിടീല്‍ കായല്‍കടന്ന് ഇടക്കൊച്ചിയിലെത്തിയപ്പോള്‍ അരൂര്‍, കുമ്പളങ്ങിക്കായലുകളിലെ മത്സ്യബന്ധനം അവതാളത്തിലായെന്ന് പരാതി. പശ്ചിമകൊച്ചിയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ ഇടക്കൊച്ചി പാലത്തിനരികില്‍ കായലിലൂടെയാണ് ജനറം പൈപ്പ് മറുകരയിലേക്ക് നീട്ടിയത്.

അടിത്തട്ടിലെ ചെളി കോരിമാറ്റിയ ചാലിലാണ് കൂറ്റന്‍ പൈപ്പ് സ്ഥാപിച്ചത്. കോരിയെടുത്തചെളി കായലില്‍തന്നെതള്ളിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍, പ്രതിഷേധം വകവയ്ക്കാതെ ചെളി ഡ്രഡ്ജ്‌ചെയ്ത് കായലില്‍ കലക്കിയെന്ന് ആക്ഷേപമുണ്ട്.

നിലവില്‍ ചീനവലയിലും ഊന്നിവലയിലും മത്സ്യങ്ങളൊന്നും കിട്ടുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വലകളില്‍ ചെളിനിറഞ്ഞ് കീറിപ്പോകുന്നതായും കായലിന്റെ ഒഴുക്കില്‍ വലിയവ്യത്യാസങ്ങള്‍ സംഭവിച്ചതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ജനറം പൈപ്പ് കടന്നുപോകുന്ന സ്ഥലത്ത് കായലില്‍ കുറ്റികള്‍ തറച്ചിട്ടുണ്ട്. ഇടക്കൊച്ചിപ്പാലത്തിനു സമീപത്തുകൂടി വലിയ ജലയാനങ്ങള്‍ പോയാല്‍ ചെളിത്തട്ടില്‍ ഉറച്ചുപോകാനുള്ള സാധ്യതയുണ്ടെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.