ആലപ്പുഴ: കായലില്‍ നങ്കൂരമിട്ട ഹൗസ് ബോട്ട്, ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു. ഹൗസ്‌ബോട്ടില്‍നിന്ന് പതിനെട്ട് സഞ്ചാരികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 5.30 ഓടെ ആര്യാട് ചെമ്പന്തറയിലാണ് സംഭവം.
 
കാളാത്ത് സ്വദേശി അന്‍സന്‍ ആന്റണിയുടെ സെന്റ് അല്‍ഫോണ്‍സ എന്ന ഹൗസ്‌ബോട്ടാണ് കത്തിനശിച്ചത്. തീപടര്‍ന്ന് കായല്‍ത്തീരത്തെ ഒരു വീട് പൂര്‍ണമായി കത്തിനശിക്കുകയും മറ്റൊരു വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു ഹൗസ്‌ബോട്ടിന്റെ പിന്‍ഭാഗത്തെ ഇന്‍വെര്‍ട്ടറില്‍നിന്നാണ് തീ ഉണ്ടായതെന്ന് സംശയിക്കുന്നു. ഈ തീ നിമിഷങ്ങള്‍ക്കുള്ളില്‍ ഗ്യാസ് സിലിന്‍ഡറിലേക്ക് പടര്‍ന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്‍ഭാഗത്ത് തീ കണ്ടപ്പോള്‍ത്തന്നെ ജീവനക്കാര്‍ സഞ്ചാരികളെ വിളിച്ചുണര്‍ത്തി പുറത്തെത്തിച്ചു.
 
ഡല്‍ഹിയില്‍നിന്നുള്ള സംഘമായിരുന്നു ഹൗസ്‌ബോട്ടില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ഐ.ടി.പഠനത്തിനായി എത്തിയ സംഘമായിരുന്നു. ഇവരില്‍ ഒന്‍പത് ആണ്‍കുട്ടികളും ഒന്‍പത് പെണ്‍കുട്ടികളുമുണ്ടായിരുന്നു. സംഭവത്തിനുശേഷം ഇവര്‍ രാവിലെ മടങ്ങിപ്പോയി. തീപ്പിടിത്തത്തില്‍ കയര്‍ പൊട്ടി ആടിയുലഞ്ഞ് നീങ്ങിയ ഹൗസ്‌ബോട്ടില്‍നിന്നാണ് കായല്‍ത്തീരത്തെ ഒരു വീട്ടിലേക്ക് തീ പടര്‍ന്നത്. ആര്യാട് ചിറക്കടവില്‍ ദേവരാജന്റെ വീടിനാണ് തീപിടിച്ചത്. പലകയും ആസ്ബസ്റ്റോസുംകൊണ്ട് നിര്‍മിച്ച വീട് പൂര്‍ണമായി കത്തിനശിച്ചു. പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ താത്കാലികമായി നിര്‍മിച്ച വീടായിരുന്നു ഇത്. വീട്ടിലുള്ളവര്‍ക്ക് പരിക്കില്ല. തൊട്ടടുത്ത അശോകന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടി.
 
ഇടുങ്ങിയ വഴിയായതിനാല്‍, അപകടവിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സിന്റെ വലിയ ഫയര്‍ എന്‍ജിന്‍ സംഭവസ്ഥലത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ചെറിയ ഫയര്‍ എന്‍ജിന്‍ വന്ന് ഫ്‌ലോട്ടിങ് പമ്പ് ഉപയോഗിച്ച് കായലില്‍നിന്ന് വെള്ളമടിച്ചാണ് തീ അണച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും ബോട്ട് പൂര്‍ണമായി കത്തിയിരുന്നു.