ആലപ്പുഴ: നവീകരിച്ച വിജയ് പാര്‍ക്കില്‍ കുട്ടികള്‍ക്കായി 'അത്ഭുതലോകം' തുറക്കുകയാണ്. അവര്‍ക്കിനി തീവണ്ടിയിലും ഹെലികോപ്ടറിലും കയറി ഉല്ലസിക്കാം. അമ്പത്തിനാലോളം റൈഡുകള്‍, ആറായിരം ചതുരശ്രയടി ഫുഡ് കോര്‍ട്ട് പതിനഞ്ചോളം സ്റ്റാളുകള്‍ എന്നിവയും ഒരുങ്ങുന്നുണ്ട്.
കൂടാതെ നയണ്‍ ഡി തിയേറ്ററും സജ്ജമാകുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച അമോസ് വേള്‍ഡിലാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഫിബ്രവരി രണ്ടാം വാരം നടക്കും.
ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ദിവസവും എത്തുന്ന ബീച്ചിന്റെ പ്രധാന ആകര്‍ഷണമാകുകയാണ് വിജയ്പാര്‍ക്ക്. 24 കുട്ടികള്‍ക്ക് കയറാവുന്ന തീവണ്ടിയും ഹെലികോപ്ടര്‍ റൈഡുമാണ് ഏറെ ആകര്‍ഷണം.
ഒരേസമയം ആറുപേര്‍ക്ക് ഇരുന്നു കറങ്ങാവുന്ന ഹാപ്പി പ്ലാനറ്റ്, 12 പേര്‍ക്ക് ഇരിക്കാവുന്ന എയ്‌റോപ്ലെയിന്‍ മെറിഗോ, തുടങ്ങിയ ഒട്ടേറെ സവിശേഷതകള്‍ പുതുതായി പാര്‍ക്കില്‍ ഒരുക്കുന്നുണ്ട്.
അമേസ് വേള്‍ഡില്‍ കുട്ടികള്‍ക്കായി പ്രത്യേക കളിയിടം, ഔട്ട് ഡോര്‍ ഗെയിംസ്, ട്രെയിന്‍ എന്നിവ സജ്ജമാക്കിവരികയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ 3.5 കോടി ചെലവഴിച്ചാണ് പാര്‍ക്ക് നവീകരിച്ചത്. ഇതിന്റെ പുരോഗതി കെ.സി.വേണുഗോപാല്‍ എം.പി. വിലയിരുത്തി.
ഡി.ടി.പി.സി. സെക്രട്ടറി സി.പ്രദീപ്, അമേസ് വേള്‍ഡിന്റെ സംരംഭകര്‍ എന്നിവര്‍ എം.പി.യോടൊപ്പമുണ്ടായിരുന്നു. ഡി.ടി.പി.സി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കുമായി പാര്‍ക്കില്‍ പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തുമെന്ന് എം.പി. പറഞ്ഞു.