ആലപ്പുഴ: ദേശീയ മത്സ്യനയം രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഡോ. അയ്യപ്പന്‍ കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും കേന്ദ്ര ട്രേഡ് യൂണിയന്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു.
നിലവിലുള്ള കമ്മിറ്റിയില്‍ ഗവേഷണസ്ഥാപനങ്ങളുടെയും കയറ്റുമതി ഏജന്‍സികളുടെയും പ്രതിനിധികള്‍ മാത്രമാണുള്ളത്. 85 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യാവലിയാണ് സംഘടനകള്‍ക്ക് അയച്ചിട്ടുള്ളത്. അതെ, അല്ല, എന്നിങ്ങനെയുള്ള മറുപടിയല്ലാതെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ്.
മീനാകുമാരി കമ്മിഷന്റെ പിന്നാലെ വരുന്ന പുതിയ കമ്മിറ്റി മത്സ്യത്തൊഴിലാളികളുടെ ജീവിതവും മത്സ്യസമ്പത്ത്‌സംരക്ഷണവും വിദേശകപ്പലുകളുടെ കടന്നുവരവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വിസ്മരിക്കുകയാണ്. തൊഴിലാളിപ്രതിനിധികളും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഇല്ലാത്ത അയ്യപ്പന്‍ കമ്മിറ്റിയുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.