ആലപ്പുഴ: വെനീസ് മാതൃകയിലുള്ള കണ്ണാടി കണ്ട് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രിക കുമാര തുംഗെ അല്പനേരം നോക്കിനിന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വ്യക്തിഗത മ്യൂസിയങ്ങളിലൊന്നായ ആലപ്പുഴ രവി കരുണാകരന്‍ മെമ്മോറിയല്‍ മ്യൂസിയത്തിന്റെ മൂന്നാഘട്ടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചാണ് കാഴ്ചയുടെ അത്ഭുത ലോകത്തേക്ക് ചന്ദ്രിക കുമാരതുംഗെ നടന്നത്.
രവി കരുണാകരന്റെ 84-ാം ജന്മവാര്‍ഷിക ദിനത്തിലാണ് മ്യൂസിയത്തിന്റെ മൂന്നാംഘട്ട ഉദ്ഘാടനം നടന്നത്. രവി കരുണാകരന്റെ സ്മരണയ്ക്കായി ഭാര്യ ബെറ്റി കരണ്‍ 2006ലാണ് മ്യൂസിയം സ്ഥാപിച്ചത്. അതിന്റെ വിപുലീകരണമാണ് ഇപ്പോള്‍ നടന്നത്. സ്ഫടിക ശില്പങ്ങള്‍, ആനക്കൊമ്പുകളിലെ വിസ്മയം എല്ലാം ഈ മ്യൂസിയത്തിലുണ്ട്.
ഷാജഹാന്‍ ഭാര്യ മുംതാസിനുവേണ്ടിയാണ് താജ്മഹല്‍ പണിതെങ്കില്‍ ഭര്‍ത്താവിനുവേണ്ടി ബെറ്റി പണിത താജ്മഹലാണ് മ്യൂസിയമെന്ന് ചന്ദ്രിക കുമാര തുംഗെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
മിസോറാം മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ഫാ. എബ്രഹാം മുളമൂട്ടില്‍, ബെറ്റി കരണ്‍, അശോക് വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചന്ദ്രിക കുമാരതുംഗെ ആലപ്പുഴ മുല്ലയ്ക്കലുള്ള തുണിക്കടയില്‍ കയറി ഷോപ്പിങ്ങും നടത്തി. ഇതിനു മുന്‍പ് ആലപ്പുഴയിലെത്തിയപ്പോള്‍ കയറിയ അതേ തുണിക്കടയില്‍ തന്നെയായിരുന്നു ഇത്തവണയും ഷോപ്പിങ്ങ്. വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു.