ആലപ്പുഴ: നഗരത്തില്‍ തെരുവുനായവന്ധ്യംകരണപദ്ധതിക്ക് ആരംഭമായി. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.) പദ്ധതിപ്രകാരം തെരുവില്‍ അലയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി പിടികൂടിയ സ്ഥലത്തുതന്നെ തിരികെ ഉപേക്ഷിക്കുകയാണ് ചെയ്യുക. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പഞ്ചായത്തുകളെയും നഗരസഭകളെയും ഏകോപിപ്പിച്ചാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. ജില്ലാ വെറ്ററിനറി ഓഫീസര്‍ക്കാണ് പദ്ധതിയുടെ മേല്‍നോട്ടച്ചുമതല.

നഗരത്തില്‍ നിലവില്‍ പിടികൂടിയ നായ്ക്കളെ കണിച്ചുകുളങ്ങര മൃഗാശുപത്രിക്ക് സമീപമുള്ള കേന്ദ്രത്തില്‍ കൊണ്ടുപോയാണ് വന്ധ്യകരണം നടത്തുന്നത്. ഇത്രയും ദൂരം നഗരത്തില്‍നിന്ന് തെരുവുനായ്ക്കളെ കൊണ്ടുപോകുന്നത് കണക്കിലെടുത്ത് മാളികമുക്കിന് സമീപം പുതിയ കേന്ദ്രം ആരംഭിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരസഭകളില്‍നിന്നും പഞ്ചായത്തുകളില്‍നിന്നും ഉള്‍പ്പെടെ ജില്ലയില്‍ ആകമാനം 87 ലക്ഷം രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി വകയിരുത്തിയിരിക്കുന്നത്.

കുടുംബശ്രീയാണ് ഒരു നായയ്ക്ക് 1200 രൂപ എന്ന നിരക്കില്‍ തെരുവില്‍ അലയുന്നവയെ പിടികൂടി കേന്ദ്രത്തിലെത്തിക്കുന്നത്. ഇതിനായി കുടുംബശ്രീക്കുള്ള വേതനം വര്‍ധിപ്പിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ജില്ലയില്‍ പദ്ധതി പ്രകാരം മാവേലിക്കര, ചെങ്ങന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സര്‍ജനെയും മറ്റ് ജീവനക്കാരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

എ.ബി.സി. പദ്ധതിയുടെ പൂര്‍ണമായ ഗുണഫലങ്ങള്‍ അടുത്തമാസംമാത്രമേ വിലയിരുത്താന്‍ സാധിക്കൂ എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.