ആലപ്പുഴ: മുഹമ്മ ഗ്രാമത്തില്‍ ഒരു നീന്തല്‍ക്കുളം പിറവികൊണ്ടു. അതിനു പിന്നില്‍ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍. ആര്യാട് ബ്ലോക്ക് പഞ്ചായത്താണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നീന്തല്‍ക്കുളം നിര്‍മിച്ചത്. മുഹമ്മ ഏഴാം വാര്‍ഡില്‍ 26 സ്ത്രീകള്‍ ചേര്‍ന്നാണ് വലിയകുളം വെട്ടിയത്.

15 സെന്റ് വിസ്തൃതിയുള്ള കുളമാണ് ഈ സ്ത്രീകൂട്ടായ്മ വെട്ടിയത്. ഏകദേശം 20 കുട്ടികള്‍ ഇവിടെ നീന്തല്‍ പഠിക്കുന്നുണ്ട്. ഉപയോഗശുന്യമായ ഒരു ചെറിയകുളം 277 ദിവസങ്ങള്‍ക്കൊണ്ടാണ് ഇവര്‍ വെട്ടി വികസിപ്പിച്ചത്. പ്രദേശത്തെ ജലദൗര്‍ലഭ്യം പരിഹരിക്കാനും ഇതുപകാരമായി.

വഴി വൃത്തിയാക്കല്‍, കാടു വെട്ടിതെളിക്കല്‍ എന്നീ സ്ഥിരം തൊഴിലുറപ്പ് ജോലികളില്‍നിന്ന് വ്യത്യസ്തമായ പദ്ധതിക്കാണ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മാതൃക കാട്ടിയത്. ഈ വര്‍ഷത്തില്‍ നിരവധി കര്‍മപദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിയത്. മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലായി ഏഴു തൊഴുത്തുകള്‍ നിര്‍മ്മിച്ചു. മാരാരിക്കുളം തെക്ക് സര്‍വോദയപുരത്തുള്ള പുറന്‌പോക്ക് സ്ഥലം മൈതാനമാക്കി. മാരാരിക്കുളത്ത് കിണര്‍ റീചാര്‍ജിങ് സംവിധാനവും നടപ്പാക്കി.

മണ്ണഞ്ചേരി 14-ാം വാര്‍ഡില്‍ 15 മീറ്റര്‍ നീളത്തില്‍ ഗ്രാവല്‍ ഇട്ടുയര്‍ത്തി കോണ്‍ക്രീറ്റ് നടപ്പാത നിര്‍മിച്ചു.മണ്ണഞ്ചേരി, ആര്യാട്, മുഹമ്മ പഞ്ചായത്തുകളില്‍ അങ്കണവാടികള്‍ നിര്‍മിക്കാനുള്ള പരിശ്രമത്തിലാണ് ഇവര്‍. പദ്ധതിക്ക് വേണ്ട സഹായവും നിര്‍ദേശങ്ങളും നല്‍കിയത് ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സി.വിജയകുമാറാണ്. തൊഴിലുറപ്പ് പദ്ധതിയിലുടെ വ്യത്യസ്തമായ മറ്റു പദ്ധതികളും നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത്.