ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തിലെ ഒരുമ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ജാതിമത വര്‍ഗ വേര്‍തിരിവുകള്‍ ഇല്ലാതാവുകയാണ്. കുട്ടനാടിന്റെ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്നതാണ് ഇവിടുത്തെ ജലമേളകളെന്നും അദ്ദേഹം പറഞ്ഞു.

അറുപത്താഞ്ചാമതു നെഹ്രുട്രോഫി ജലോത്സവം പുന്നമട കായലിലെ നെഹ്രു പവിലിയനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി തോമസ് ഐസക് അധ്യക്ഷനായിരുന്നു. പൊതുമരാമത്തു വകുപ്പു മന്ത്രി ജി.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ജമ്മു കശ്മീര്‍ ധനമന്ത്രി ഹസീബ് അഹമ്മദ് ദ്രബു മുഖ്യതിഥിയായി. സ്മരണിക റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. ഗതാഗതവകുപ്പു മന്ത്രി തോമസ് ചാണ്ടി കായിക താരങ്ങളെ ആദരിച്ചു.

മാധ്യമ അവാര്‍ഡുകള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിതരണം ചെയ്തു. മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ.എ.ബാബു, ചീഫ് ഫോട്ടോഗ്രാഫര്‍ സി.ബിജു, മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ ജി.രാഹുല്‍ കൃഷ്ണ, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ രഞ്ജിത് എസ്.നായര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

കഴിഞ്ഞ വര്‍ഷത്തെ ലോഗോ ഡിസൈന്‍ ചെയ്തതിന്റെ സമ്മാനം മാധ്യമ പ്രവര്‍ത്തകന്‍ സജിത് പരമേശ്വരനു സമ്മാനിച്ചു. മറ്റിനങ്ങളില്‍ അഭി വിനോദ്, ഊര്‍മ്മിള ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

എം.എല്‍.എ. മാരായ എ.എം.ആരിഫ്, ആര്‍.രാജേഷ്, പ്രതിഭാഹരി, പ്‌ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫും ഇടതുമുന്നണി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡി.ലക്ഷ്മണനും ചേര്‍ന്ന് നഗരസഭയുടെ ഉപഹാരം മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ സ്വാഗതമാശംസിച്ചു.