ആലപ്പുഴ: വിധിയുടെ മാലാഖയാണ് ഗബ്രിയേല്‍. അതെ, പുന്നമടയിലെ രാജാവാകാനുള്ള വിധി ഗബ്രിയേലിനായിരുന്നു. മത്സരം ഏറെ വൈകിയെങ്കിലും വിജയിയാകാനുള്ള വിധി ഗബ്രിയേലിന് മാത്രം. ദൈവത്തിന്റെ ശക്തന്‍ എന്നാണ് ഗബ്രിയേലിന്റെ അര്‍ത്ഥം. പുന്നമടയില്‍ അങ്ങനെ ദൈവത്തിന്റെ ശക്തന്‍ ശക്തിതെളിയിച്ചു. 65-ാമത് നെഹ്രുട്രോഫിയില്‍ മുത്തമിട്ട് വിജയം ഗംഭീരമാക്കി ഗബ്രിയേല്‍.

പ്രവാചകന്മാരൊന്നും ഗബ്രിയേലിന്റെ പേര് ഉച്ചരിച്ചിരുന്നില്ല. എന്നാല്‍, കൊച്ചി പഴയ കൊച്ചിയല്ല. കൊച്ചിയിലെ പിള്ളേര്‍ ആ വെള്ളിക്കപ്പ് എറണാകുളത്തേക്ക് കൊണ്ടുപോയി. നെഹ്രുട്രോഫിയുടെ ചരിത്രത്തിലാദ്യമായാണ് ഗബ്രിയേല്‍ നെഹ്രുട്രോഫിയില്‍ മുത്തമിടുന്നത്. പലരും പല പേരുകളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടിരുന്നുവെങ്കിലും ഗബ്രിയേല്‍ കളത്തിലുണ്ടായിരുന്നില്ല.

കളംനിറഞ്ഞപ്പോള്‍ അവര്‍ തുഴക്കരുത്തില്‍ കപ്പടിച്ചു. ഇതൊരു മാറ്റമാണ്. കുട്ടനാട്ടുകാരും കുമരകംകാരും കൈവശംവച്ചിരുന്ന കപ്പ് ആദ്യമായാണ് എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ് കൊണ്ടുപോയത്. കോട്ടയവും കൊല്ലവും നെഹ്രുട്രോഫി വെള്ളിക്കപ്പ് കൊണ്ടുപോയിട്ടുണ്ടെങ്കിലും എറണാകുളത്തെ ആരും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍, പ്രതീക്ഷകളെ തുഴയെറിഞ്ഞ് തോല്‍പ്പിച്ച് ഉമ്മന്‍ ജേക്കബ് ചെത്തിക്കാട് ക്യാപ്റ്റനായ ഗബ്രിയേല്‍ കപ്പടിച്ചു. ഇനി ആനന്ദം, ആഘോഷം.

ഫൈനലില്‍ നാലുമിനിട്ടും 17 സെക്കന്‍ഡും 42 മൈക്രോ സെക്കന്‍ഡുമെടുത്താണ് പുന്നമടയിലെ രാജാവായത്.