ആലപ്പുഴ: കാട്ടൂര്‍ കടപ്പുറത്തോട് ചേര്‍ന്ന് ഒഴിഞ്ഞുകിടന്ന പറമ്പില്‍ 15 ദിവസംകൊണ്ട് ആരും കൊതിച്ചുപോകുന്ന ഒരു നാടന്‍ വീട് പെട്ടെന്ന് ഉയര്‍ന്നു വന്നു. ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്ര മനോഹരമായ വീടൊരുങ്ങിയത് കണ്ട നാട്ടുകാര്‍ക്ക് കൗതുകം.

മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന് വേണ്ടിയൊരുക്കിയ സെറ്റാണ് വീടെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. സെറ്റ് കാണാന്‍ ഇപ്പോള്‍ കടപ്പുറത്തേക്ക് നാട്ടുകാരുടെ ഒഴുക്കാണ്. കാട്ടൂരിലെ ജനങ്ങളുടെ സംസാരവിഷയവും ഈ വീടും വീടിനോട് ചേര്‍ന്ന് പണിയുന്ന അമ്പലവുമൊക്കെയാണ്. പൂമുഖവും അടുക്കളയും രണ്ട് മുറികളും പുറത്തൊരു ശൗചാലയവുമൊക്കെയുള്ള ഒരു സാധാരണക്കാരന്റെ വീടിന്റെ സെറ്റാണിട്ടിരിക്കുന്നത്.

മോഹന്‍ലാലിന്റെ സിനിമയായതിനാല്‍ കാട്ടൂര്‍ നിവാസികള്‍ ലാലേട്ടനെ കാണാന്‍ കാത്തിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെളിപാടിന്റെ പുസ്തകം'. ഷൂട്ടിങിന് ലാല്‍ എത്തുമോയെന്നു തീര്‍ച്ചയില്ല.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ബെന്നി പി.നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.മൈക്കിള്‍ ഇടിക്കുളയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ സുഹൃത്തായെത്തുന്ന അനൂപ് മേനോന്റെ വീടാണ് കാട്ടൂരില്‍ കെട്ടിയിരിക്കുന്നത്. സിനിമയുടെ സസ്‌പെന്‍സ് ചരട് കാട്ടൂരായിരിക്കുമെന്ന് കലാസംവിധായകര്‍ പറയുന്നു.
 
കലാസംവിധായകന്‍ നിമേഷ് താനൂരാണ് ചിത്രത്തിനുവേണ്ടി കാട്ടൂരില്‍ വീടും വര്‍ക്ക്‌ഷോപ്പും അമ്പലവുമൊക്കെ ഒരുക്കിയിരിക്കുന്നത്. ഒരു മെക്‌സിക്കന്‍ അപാരത, കവി ഉദ്ദേശിച്ചത് തുടങ്ങി സിനിമകളുടെ കലാസംവിധാനം നിര്‍വഹിച്ചയാളാണ് നിമേഷ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജില്‍ തുടങ്ങിയിട്ടുണ്ട്.

അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അങ്കമാലി ഡയറീസ് ഫെയിം അന്നാ രേഷ്മയാണ് ഈ ചിത്രത്തിലെ നായിക. പ്രിയങ്ക മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍, ശരണ്യ, ശരത്കുമാര്‍ (അപ്പാനി രവി), അരുണ്‍ (ആനന്ദം ഫെയിം), സ്വപ്‌ന തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.

വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, അനില്‍ പനച്ചൂരാന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. സംഗീതം: ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം: വിഷ്ണു ശര്‍മ. മാക്‌സ് ലാബ് റിലീസാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജൂലായ് ആദ്യവാരങ്ങളില്‍ കാട്ടൂരില്‍ ചിത്രീകരണം തുടങ്ങും.