ആലപ്പുഴ: 'ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിലേത് മാനവികതയുടെ രാഷ്ട്രീയമാണെന്ന് ഗ്രന്ഥകാരനും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി.മോഹന്‍കുമാര്‍ പറഞ്ഞു. നോവല്‍ മുന്‍നിര്‍ത്തി മാതൃഭൂമി സാഹിത്യ ചര്‍ച്ചയിലുയര്‍ന്ന അഭിപ്രായങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട പുസ്തകം വായിച്ചതാണ് നോവലിനു പ്രചോദനമായത്. എട്ടുവര്‍ഷത്തോളം പഠനം നടത്തിയാണ് രചനയിലേക്കു കടന്നത്. ചരിത്രം, ഭാവന, ചരിത്രവുമായി ബന്ധിപ്പിച്ച ഭാവനയും ഉള്‍പ്പെടുത്തി മൂന്നുതലങ്ങളായാണ് രചന പൂര്‍ത്തിയാക്കിയത്. കമ്യൂണിസ്റ്റ് രീതിശാസ്ത്രത്തിലുണ്ടായ മാറ്റങ്ങളും പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുന്നപ്ര-വയലാര്‍ സമരം ഇതിവൃത്തമാക്കിയെഴുതപ്പെട്ട 'ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം' രാഷ്ട്രീയ നോവലാണെന്ന് വിഷയം അവതരിപ്പിച്ച ശിവരാമന്‍ ചെറിയനാട് പറഞ്ഞു.

പുന്നപ്ര- വയലാര്‍ സമരത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ വിയോജനം രേഖപ്പെടുത്തിയായിരുന്നു മോഡറേറ്ററായ ഡി.സുഗതന്‍ സംസാരിച്ചത്. സമരചരിത്രത്തെ കുറിച്ചുള്ള അറിവില്‍നിന്ന് ധീരമായ ഇടപെടലാണ് നോവലിസ്റ്റ് നടത്തിയിരിക്കുന്നതെന്ന് കല്ലേലി രാഘവന്‍പിള്ള പറഞ്ഞു.

ചരിത്രത്തെ കുറിച്ചുള്ള സത്യസന്ധമായ സമീപനം നടത്തിയിരിക്കുന്ന നോവല്‍ ക്ലാസിക്കലാണെന്ന് ഡോ.പള്ളിപ്പുറം മുരളി പറഞ്ഞു. പഠനവും ഗവേഷണവും നിഴലിക്കുന്നതാണ് രചനയെന്ന് മുഹമ്മ രവീന്ദ്രനാഥ് പറഞ്ഞു.

ധീരമായ സമീപനമാണ് നോവലില്‍ കാണുന്നതെന്ന് മുരളി ആലിശ്ശേരി പറഞ്ഞു. മാനവികത അടിസ്ഥാനമാക്കിയ രാഷ്ട്രീയനോവലാണിതെന്ന് സി.എന്‍.ബാബു പറഞ്ഞു.

ചരിത്രത്തോടു നീതിപുലര്‍ത്തിയതായി കെ.പി.പ്രീതി അഭിപ്രായപ്പെട്ടു. നോവലിനെ കുറിച്ച് ഇനിയുമേറ പഠനങ്ങള്‍ ആവശ്യമാണെന്ന് ഡോ.അമൃത പറഞ്ഞു. ജനങ്ങളുടെ അതിജീവനകഥയാണിതെന്ന് കുഞ്ഞുമോള്‍ ബെന്നി പറഞ്ഞു.

വിനയശ്രീ, രാമങ്കരി രാധാകൃഷ്ണന്‍, വെണ്മണി രാജഗോപാല്‍, ഫിലിപ്പോസ് തത്തംപള്ളി, ടി.വി.ഹരികുമാര്‍ കണിച്ചുകുളങ്ങര, തോട്ടപ്പള്ളി രവീന്ദ്രനാഥ്, വിനയകുമാര്‍ തുറവൂര്‍, ബിമല്‍റോയ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.