ആലപ്പുഴ: മെഗാ ടൂറിസം പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ അതത് വകുപ്പുകള്‍ ഗുരുതരവീഴ്ച വരുത്തിയതായി കെ.സി.വേണുഗോപാല്‍ എം.പി. പദ്ധതികള്‍ ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കണമെന്ന് മെഗാ ടൂറിസം പദ്ധതിയുടെ ജില്ലാതല അവലോകനയോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എം.പി. നിര്‍ദേശം നല്‍കി.

പദ്ധതി വൈകുന്നതില്‍ ഉദ്യോഗസ്ഥരെ എം.പി. അതൃപ്തി അറിയിച്ചു. പദ്ധതി 85 ശതമാനത്തോളം പൂര്‍ത്തിയായെന്നും ബാക്കി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ടൂറിസം, ഇറിഗേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജില്ലയിലെ ജലഗതാഗത മാര്‍ഗങ്ങളെയും ജലാശയങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുള്ള 21 പദ്ധതികളില്‍ രണ്ടെണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളവയില്‍ രണ്ടെണ്ണമൊഴികെ 85 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയാക്കി. 16 പദ്ധതികള്‍ ഏപ്രില്‍ 30നു മുന്പ് പൂര്‍ത്തിയാക്കാമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

അരൂര്‍മുതല്‍ കായംകുളംവരെയുള്ള ഉള്‍നാടന്‍ ജലപാതയിലെ 58 പഞ്ചായത്തുകളെയും മൂന്ന് നഗരസഭകളെയും ബന്ധിപ്പിച്ചുള്ള മെഗാ ടൂറിസം പദ്ധതിക്ക് 52.25 കോടി രൂപയാണ് ചെലവ്.

ഏഴ് പുരവഞ്ചി ടെര്‍മിനലുകള്‍, രണ്ട് നൈറ്റ് ഹാള്‍ട്ട് ടെര്‍മിനല്‍, 4 മൈക്രോ ഡെസ്റ്റിനേഷന്‍, രണ്ട് ബീച്ചുകളുടെ നവീകരണം, ആലപ്പുഴ നഗരത്തിലെ രണ്ടു കനലുകളുടെ വികസനവും ഒരു മലിനജല സംസ്‌കരണ പ്ലാന്റും ആലപ്പുഴ നഗരത്തിലെ ടൂറിസം അനുബന്ധ അടിസ്ഥാന സൗകര്യവികസനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
 
മെഗാ ടൂറിസത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പദ്ധതികള്‍ ബന്ധിപ്പിക്കുന്നതു സംബന്ധിച്ചും ഉടന്‍ അന്തിമരൂപരേഖ തയ്യാറാക്കാന്‍ നിര്‍ദേശിച്ചു.

കളക്ടര്‍ വീണ എന്‍. മാധവന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ്, ഡി.ടി.പി.സി. അധികൃതര്‍, നിര്‍മാണ ഏജന്‍സികളായ കിറ്റ്‌കോ, കെ.ഐ. ഐ.ഡി.സി. എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.