ചെങ്ങന്നൂര്‍: ശനിയാഴ്ചയും ഒരുകെട്ടിടത്തിനപ്പുറം കോവിഡ് വാര്‍ഡില്‍ ചന്ദ്രിക കാത്തിരിക്കുകയായിരുന്നു. ഭര്‍ത്താവായ തങ്കപ്പന്‍ അരികിലെത്തുമെന്ന പ്രതീക്ഷയില്‍. തുണയായി അവര്‍ക്കൊപ്പമിരിക്കാനെത്തിയതായിരുന്നു തങ്കപ്പന്‍. ഇതിനിടയില്‍ ഒന്‍പതാം തീയതി ശാരീരിക ബുദ്ധിമുട്ടുണ്ടായി. സ്ഥിതിവഷളായി. പരിശോധനയില്‍ കോവിഡ് പോസിറ്റീവ്. തുടര്‍ന്നു കോവിഡ് ഐ.സി.യു.വിലേക്കു മാറ്റി. അമ്മയെ നോക്കാനായി ഇളയമകന്‍ ജിത്തുവെത്തി.

ഇതിനിടയില്‍ തങ്കപ്പന്റെ ആരോഗ്യനിലയെപ്പറ്റി തിരക്കിയപ്പോള്‍ കുഴപ്പമില്ലെന്ന മറുപടി ലഭിച്ചു. ആശ്വാസത്തില്‍ അമ്മയും മകനും വാര്‍ഡില്‍ കഴിഞ്ഞു. ശനിയാഴ്ച അച്ഛനെ ഒന്നു കാണണമെന്നു മകന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അധികൃതര്‍ തങ്കപ്പന്‍ മരിച്ചെന്ന വിവരമറിയിക്കുന്നത്. എപ്പോള്‍ എന്ന ചോദ്യത്തിന്റെ മറുപടി നാലുദിവസമായെന്നുമായിരുന്നു.

10-ാം തീയതി തങ്കപ്പന്‍ മരിച്ചിട്ടും ആശുപത്രിയിലെ മറ്റൊരുകെട്ടിടത്തിലെ വാര്‍ഡിലുണ്ടായിരുന്ന കുടുംബത്തിനെ ഇക്കാര്യം ആരുമറിയിച്ചില്ല. ആ നിമിഷം എന്തുചെയ്യണമെന്നറിയാതെ ആകെ തളര്‍ന്നുപോയി. പിന്നീടു വേഗം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നെന്നു മകന്‍ ജിത്തു പറയുന്നു. രാത്രി ബന്ധുക്കളെത്തിയപ്പോള്‍ തങ്കപ്പന്റെ ശരീരം മോര്‍ച്ചറിയിലായിരുന്നു. അന്നേരവും കോവിഡ് വാര്‍ഡില്‍ ചന്ദ്രികയുണ്ട്. ഭര്‍ത്താവുപോയതറിയാതെ.

thankappan
തങ്കപ്പന്‍

ആല പെണ്ണുക്കര കവിനോടിയില്‍ കെ.ടി. തങ്കപ്പന്‍ (68) ന്റെ മരണവിവരമാണു നാലാംദിനത്തില്‍ ഉറ്റവരടക്കം അറിയുന്നത്. ഭാര്യ ചന്ദ്രിക കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നു ചെങ്ങന്നൂരിലെ രണ്ടാംതല കോവിഡ് ചികിത്സാ കേന്ദ്രത്തിലായിരുന്നു. അവിടെ വച്ച് ചുഴലിദീനം വന്നതിനെത്തുടര്‍ന്ന് ഇവര്‍ കട്ടിലില്‍നിന്നു താഴെവീണു പരിക്കേറ്റു. തുടര്‍ന്നു ചന്ദ്രികയെ ഏഴാംതീയതി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്.

കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതനായി രോഗി മരിച്ചിട്ടും ബന്ധുക്കളെ അറിയിക്കാത്ത സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്താണ് സംഭവിച്ചതെന്ന് ഡി.എം.ഇ.യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.താലൂക്ക് ആശുപത്രിമുതലുള്ള മുഴുവന്‍ ആശുപത്രികളിലും കാഷ്വാലിറ്റിയിലും ഒ.പി.യിലും ഇനിമുതല്‍ നിര്‍ബന്ധമായി സുരക്ഷാ ജീവനക്കാരന്‍ ഉണ്ടാകണം. ഇതിനായി വിമുക്തഭടന്മാരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ. എല്ലാ ആശുപത്രികളിലും ചീഫ് സെക്യൂരിറ്റി ഓഫീസറും നിര്‍ബന്ധമായി ഉണ്ടാകണം.

ഒ.പി.യിലും കാഷ്വാലിറ്റിയിലും രോഗികളുടെ സ്വകാര്യതയെ ബാധിക്കാത്ത തരത്തില്‍ സി.സി.ടി.വി. സ്ഥാപിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളിലെ സി.സി.ടി.വി. അവിടത്തെ പോലീസ് എയ്ഡ് പോസ്റ്റിലും സ്ഥാപിക്കും.ആരോഗ്യപ്രവര്‍ത്തകര്‍ യുദ്ധമുഖത്തുനിന്ന് നാടിനെ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്കെതിരേയുള്ള അക്രമം ആര് ചെയ്താലും ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: hospital staff tried to cover a covid death