ചേർത്തല:വിശക്കുന്ന ആർക്കും ഈ അലമാര തുറക്കാം, ഭക്ഷണപ്പൊതിയെടുക്കാം... വിശക്കുന്നവനു ഭക്ഷണംകൊടുക്കാൻ തയ്യാറുള്ളവർക്കു ഭക്ഷണപ്പൊതികൾ വെക്കുകയും ചെയ്യാം. ഇതാണ്‌ ചേർത്തലയുടെ ‘അന്നം ബ്രഹ്മം അലമാര’. ചേർത്തല വടക്കേയങ്ങാടിക്കവലയ്ക്കു കിഴക്ക് ജനരക്ഷാമെഡിക്കൽ ഷോപ്പിനോടു ചേർന്നാണ് വിശക്കുന്നവന്റെ വിളിയറിഞ്ഞ് അലമാര സ്ഥാപിച്ചിരിക്കുന്നത്.

ഗിരീഷ്‌കുമാർ, ജി. ഗോവിന്ദപൈ, ബി. ഹരിഹരൻ എന്നിവർചേർന്നാണ് വിശക്കുന്നവർക്കായി അലമാരതുറന്നത്. ഇവരുടെ വീടുകളിൽ തയ്യാറാക്കുന്ന പത്തുപൊതികളാണ് ദിവസവും അലമാരയിൽ വെക്കുക. ഇത്‌ ആവശ്യക്കാർക്ക് എടുക്കാം. ഇത്രമാത്രംകൊണ്ട് വിശക്കുന്നവരെ സഹായിക്കാനാകില്ലെന്നും ഇവർക്കറിയാം. അതിനാലാണ് ഇത്തരത്തിൽ ഭക്ഷണംനൽകാൻ താത്പര്യമുള്ളവർക്കും അലമാരയിൽ ഭക്ഷണപ്പൊതിവെക്കാൻ അവസരം നൽകുന്നത്.

വീടുകളിലെ ആഘോഷങ്ങളിലെ ഭക്ഷണങ്ങൾ വിശക്കുന്നവനു നൽകാനുള്ള സൗകര്യംകൂടിയാണ് ഇതുവഴിയൊരുക്കുന്നത്. വേറിട്ടവഴിയിലെ ഭക്ഷണവിതരണമറിഞ്ഞ കൃഷിമന്ത്രി എത്തിയാണ് പദ്ധതിക്കു തുടക്കംകുറിച്ചത്. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, വാർഡ് കൗൺസിലർ മിത്രാവിന്ദാഭായ്, ആർട്ട് ഓഫ് ലിവിങ് പരിശീലകൻ ശ്രീകുമാർ തുടങ്ങിയവരും എത്തി. ഒട്ടേറെയാളുകളാണ് സംരംഭത്തിനു പിന്തുണയുമായെത്തിയിരിക്കുന്നത്.

സസ്യഭക്ഷണത്തിനാണു പ്രാധാന്യം നൽകുന്നതെന്ന് ഗിരീഷ്‌കുമാറും ഗോവിന്ദപൈയും ഹരിഹരനും പറഞ്ഞു.

Content Highlights: Free food packets made available in Cherthala