മാവേലിക്കര: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെട്ടിടനിര്‍മാണത്തൊഴിലാളി തുടര്‍ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. അറനൂറ്റിമംഗലം പരിശേരിവിളയില്‍ സ്വപ്‌നവിലാസത്തില്‍ ഓമനക്കുട്ടനാ (48)ണ് വിധിയുടെ വിളയാട്ടത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നത്.

കഴിഞ്ഞ ജൂലായ് 21നാണ് രോഗിയായ ഭാര്യയ്ക്ക് മരുന്നുവാങ്ങാന്‍ പോകവെ ഓമനക്കുട്ടന് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നുപോയ ഇയാളെ അറുനൂറ്റിമംഗലം കുറ്റിയില്‍ മുക്കില്‍വച്ച് ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ ഓമനക്കുട്ടന്റെ വലതുകാല്‍ മൂന്നായി ഒടിഞ്ഞു. തലയില്‍ ആറിഞ്ച് ആഴത്തിലുണ്ടായ മുറിവിലൂടെ തലച്ചോറിനും ക്ഷതമേറ്റു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ തലയ്ക്കും കാലിനും നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോള്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുമ്പോള്‍ അവിടുത്തെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സഹായം വേണ്ടുവോളമുണ്ടായതായി ഓമനക്കുട്ടന്‍ പറയുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കാലില്‍ ഇട്ടിരിക്കുന്ന കമ്പി ഒരുവര്‍ഷത്തിന് ശേഷമേ നീക്കം ചെയ്യാനാവൂ.

തൊഴിലെടുക്കാന്‍ സാധിക്കാതായതോടെ കഷ്ടതയിലാണ് ഓമനക്കുട്ടനും ഭാര്യ മോളിയും. ഇവരുടെ കുട്ടികളില്‍ ഒരാള്‍ ഒന്നരവയസ്സിലും മറ്റൊരാള്‍ ജനനസമയത്തും മരിച്ചുപോയിരുന്നു. രക്തസമ്മര്‍ദം കൂടി ശരീരം തളര്‍ന്ന മോളി ഇപ്പോള്‍ തുടര്‍ചികിത്സയിലാണ്.

ഒരു വര്‍ഷത്തെ ചികിത്സകൂടി കഴിഞ്ഞാലേ ഓമനക്കുട്ടന് സാധാരണ ജീവിതത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അന്നന്നത്തെ ആഹാരത്തിനുപോലും വകയില്ലാത്ത തങ്ങള്‍ക്ക് തുടര്‍ചികിത്സയെന്നത് ആലോചിക്കാന്‍പോലും കഴിയുന്നതല്ലെന്ന് ഓമനക്കുട്ടനും മോളിയും പറയുന്നു.