മാന്നാര്‍: വായ്ക്കുരവകളും ആര്‍പ്പുവിളികളുംകൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ വഞ്ചിപ്പാട്ടിന്റെ താളത്തില്‍ ചെന്നിത്തല പള്ളിയോടം നീരണഞ്ഞു. ചെന്നിത്തല തെക്ക് 93ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുളള ബി -ബാച്ച് പള്ളിയോടം ഞായറാഴ്ച രാവിലെയാണ് അച്ചന്‍കോവിലാറ്റിലെ വലിയപെരുമ്പുഴ കിഴക്കേക്കടവില്‍ നീരണിഞ്ഞത്.

നേരത്തെ പള്ളിയോടപ്പുരയില്‍ പുതുശ്ശേരിമഠം ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിവിധ പൂജകള്‍ നടന്നു. കരയോഗാംഗങ്ങളും ഭക്തരുമൊത്തു കൂടി ചെന്നിത്തല ചാലാ മഹാദേവര്‍ ക്ഷേത്രത്തില്‍ വഴിപാടുകളും കര്‍പ്പൂരാരാധനയും നടത്തി. താലപ്പൊലി, മുത്തുക്കുട, വഞ്ചിപ്പാട്ട് എന്നിവയുടെ അകമ്പടികളോടെ നടത്തിയ ഘോഷയാത്ര പള്ളിയോടപ്പുരയിലെത്തി.

കരയോഗം പ്രസിഡന്റ് ആര്‍. പുരന്ദരദാസ് പട്ടുകൊണ്ടുള്ള തലയില്‍ക്കെട്ട് ക്യാപ്റ്റന്‍ അനില്‍കുമാര്‍ കോയിക്കലേത്തിന് അണിയിച്ചു വിസിലും നല്‍കി. അനില്‍ പള്ളിയോടപ്പുര തുറന്നു അകത്തു കടന്നു. കരക്കാരും ഭക്തരും നല്‍കുന്ന വഴിപാടുകള്‍ സ്വീകരിച്ചു. പൂജകള്‍ക്കുശേഷം ഒന്‍പതോടെ കരയോഗക്കാരുടെയും ഭക്തരുടെയും കായികബലത്തില്‍ പള്ളിയോടം നീരണഞ്ഞു.

പത്തിന് ചെറുകോല്‍ ക്ഷേത്രദര്‍ശനം, താമരവേലില്‍ വീട്ടില്‍ നിറപറയും താംബൂലാദി വഴിപാടുകള്‍ സ്വീകരിച്ചശേഷം വള്ളസദ്യ കഴിഞ്ഞു തിരികെ പള്ളിയോടക്കടവിലേക്ക് മടങ്ങി. തിങ്കളാഴ്ച 3.30ന് മാവേലിക്കര മണ്ഡപത്തിന്‍ കടവില്‍ പള്ളിയോടത്തിന് സ്വീകരണവും കൃഷ്ണസ്വാമി ക്ഷേത്രദര്‍ശനവും നടക്കും.

ചൊവ്വാ മുതല്‍ ആറുവരെ വിവിധയിടങ്ങളില്‍ പള്ളിയോടത്തിന് സ്വീകരണം നല്‍കും. ഏഴിനു രാവിലെ ഒന്‍പതിന് പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടും. കരയോഗം പ്രസിഡന്റ് ആര്‍. പുരന്ദരദാസ്, സെക്രട്ടറി കെ.എസ്. ശശീന്ദ്രന്‍പിള്ള, ട്രഷറര്‍ രമേശ് വി.നായര്‍, ക്യാപ്റ്റന്‍ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.