ഹരിപ്പാട്: കായംകുളം സൈക്ലോത്തോണ്‍ വിജയകരമായി നടന്നു. രണ്ട് വിഭാഗങ്ങളിലായി നടന്ന സൈക്കിള്‍ റാലിയില്‍ 75 പേര്‍ പങ്കെടുത്തു. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 60 പേരും കുട്ടികളുടെ മത്സരത്തില്‍ 15 പേരും പങ്കെടുത്തു.

മുതിര്‍ന്നവരുടെ വിഭാഗത്തിലെ റാലി കായംകുളത്ത് നിന്നും തുടങ്ങി പുല്ലുകുളങ്ങര, മുതുകുളം, കാര്‍ത്തികപ്പളളി, നങ്ങ്യാര്‍കുളങ്ങര, ചേപ്പാട് വഴി കായംകുളത്ത് സമാപിച്ചു. 25 കിലോമീറ്റര്‍ ദൂരമാണ് പിന്നിട്ടത്. കുട്ടികളുടെത് എന്‍.ടി.പി.സി. ജങ്ഷന്‍ മുതല്‍ കായംകുളം വരെയായിരുന്നു യാത്ര. ഫ്രീവീലേഴ്‌സ് സൈക്കിള്‍ ക്ലബ് രക്ഷാധികാരി ജി. രാധാകൃഷ്ന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് എം. നാസര്‍ നേതൃത്വം നല്‍കി.

കായംകുളം കേന്ദ്രീകരിച്ച ഓരോ മൂന്ന് മാസംകൂടുന്തോറും സൈക്കിള്‍ റാലി നടക്കും. ഇതിന്റെ ആദ്യഘട്ടത്തിനുളള ട്രയലാണ് കഴിഞ്ഞ ദിവസം നടന്നത്. ഡിസംബറില്‍ രണ്ടുദിവസം നീളുന്ന സൈക്കിള്‍ യാത്ര പത്തനംതിട്ട ആങ്ങമുഴിയിലേക്ക് നടത്തും.

നൂറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ നൂറ് പേര്‍ പങ്കെടുക്കും. പരിസ്ഥിതി സൗഹാര്‍ദമായ യാത്രാമാര്‍ഗമായ സൈക്കിള്‍ സവാരിയുടെ പ്രചാരണത്തിനുവേണ്ടി ഫ്രീവീലേഴ്‌സ് സൈക്കിള്‍ ക്ലബാണ് സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നത്.