ഹരിപ്പാട്: ആയിരങ്ങള്‍ക്ക് കയര്‍പിന്നിത്തിരുവാതിരയുടെ ചുവടും താളവും പകര്‍ന്നുനല്‍കിയ ദേവയാനി അരങ്ങൊഴിഞ്ഞു. നൂറ്റിനാല് വയസ്സായിരുന്നു. നൂറുവയസ്സ് പിന്നിട്ടപ്പോഴും പള്ളിപ്പാട് കാട്ടില്‍പ്പറമ്പില്‍ ദേവയാനി തിരുവാതിരക്കളത്തിലുണ്ടായിരുന്നു, കുരുന്നുകളെ പഠിപ്പിച്ചും പഴയ ശിഷ്യരുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുത്തും തിരുവാതിരപ്പാട്ടെഴുതിയും പാടിയും. 

സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരികക്ഷേമനിധി രൂപവത്കരിച്ചപ്പോള്‍ ആദ്യ അംഗത്വം നല്‍കിയത് ദേവയാനിക്കായിരുന്നു. നടന്‍ മമ്മൂട്ടിയാണ് അംഗത്വം കൈമാറിയത്. എന്നാല്‍, ക്ഷേമനിധിയില്‍നിന്നുള്ള ആനുകൂല്യം കിട്ടിയില്ലെന്ന സങ്കടം ദേവയാനി പങ്കുവയ്ക്കാറുണ്ടായിരുന്നു.
 തിരുവിതാംകൂര്‍ റീജന്റ് മഹാറാണി പൂരാടം തിരുനാള്‍ സേതുലക്ഷ്മീബായി ഹരിപ്പാട് സന്ദര്‍ശിച്ചപ്പോഴാണ് പെണ്‍പള്ളിക്കൂടത്തിലെ കുട്ടികള്‍ തിരുവാതിരയുമായി വരവേറ്റത്. കവയിത്രികൂടിയായിരുന്ന അധ്യാപിക മുതുകുളം പാര്‍വതിയമ്മയാണ് പാട്ടെഴുതിയത്. ദേവയാനി ഉള്‍പ്പെടെ 12 കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുകയായിരുന്നു.

devayani

സാംസ്‌കാരികക്ഷേമനിധിയുടെ ആദ്യ അംഗത്വം നടന്‍ മമ്മൂട്ടിയില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍

അന്നുമുതല്‍ ദേവയാനിയുടെ ജീവിതത്തിന് തിരുവാതിരയുടെ താളമായിരുന്നു.മരക്കൊമ്പില്‍ കെട്ടിയ ഇഴക്കയറുകളുടെ ഒരറ്റം വലതുകൈയില്‍ പിടിച്ചാണ് കയര്‍പിന്നിത്തിരുവാതിര തുടങ്ങുന്നത്. പാട്ടും ചുവടും പുരോഗമിക്കുന്നതിനൊപ്പം ഇഴക്കയറുകള്‍ പിരിഞ്ഞുചേരും. തിരുവാതിര കഴിയുമ്പോള്‍ കയറുകളെല്ലാം ചേര്‍ന്ന് വടമായി മാറും. കൊല്ലി, ഇരട്ടക്കൊല്ലി എന്നിങ്ങനെ കയര്‍പിന്നിത്തിരുവാതിര രണ്ടുവിധമുണ്ട്. ഒരു കയര്‍ പിടിച്ചുള്ള തിരുവാതിരകളിയാണ് കൊല്ലി. രണ്ട് കയര്‍ കൈയിലെടുക്കുന്നത് ഇരട്ടക്കൊല്ലി. കുട്ടികളാണ് കൊല്ലി, ഇരട്ടക്കൊല്ലി തിരുവാതിര കളിക്കുന്നത്. മുതിര്‍ന്ന സ്ത്രീകള്‍ക്കായി സഞ്ചി, ഉറിപിന്നല്‍ തിരുവാതിരയും ദേവയാനി പഠിപ്പിക്കുമായിരുന്നു.സഞ്ചിത്തിരുവാതിര പൂര്‍ത്തിയാകുമ്പോള്‍ കയറുകള്‍ സഞ്ചിയുടെ രൂപത്തിലാകുമായിരുന്നു. കയറുകള്‍ക്ക് ഉറിയുടെ ആകൃതിയുണ്ടാകുന്നത് ഉറിപിന്നല്‍. തിരുവാതിരച്ചുവടുകള്‍ക്കൊപ്പം ഉറിയായി മാറുന്ന കയറില്‍ കലംവച്ചാണ് ഉറിപിന്നല്‍ പൂര്‍ത്തിയാക്കുന്നത്. 
ഓച്ചിറ ക്ഷേത്ര ഐതിഹ്യവും ശ്രീനാരായണഗുരുവിന്റെ ജീവിതവും ദേവയാനി തിരുവാതിരപ്പാട്ടാക്കിയിട്ടുണ്ട്. 

കലയ്ക്കായി സമര്‍പ്പിച്ച ജീവിതമായിരുന്നെങ്കിലും ദേവയാനിയുടെ ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. ഭര്‍ത്താവ് പള്ളിപ്പാട് കാട്ടില്‍പ്പറമ്പില്‍വേലായുധന്‍ 60 വര്‍ഷം മുമ്പ് മരിച്ചു. ആറുമക്കളായിരുന്നു. മക്കളെ വളര്‍ത്താനുള്ള കഷ്ടപ്പാടുകളിലും അവര്‍ തിരുവാതിരയ്‌ക്കൊപ്പം നിന്നു. ഓണക്കാലത്ത് ഹരിപ്പാട്ടെ സാംസ്‌കാരിക പരിപാടികളില്‍ ദേവയാനിയുടെയും സംഘത്തിന്റെയും തിരുവാതിര മുഖ്യ ഇനമായിരുന്നു. സ്‌കൂള്‍വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ശിഷ്യകളാണ് ദേവയാനിക്കുള്ളത്.