ചെങ്ങന്നൂര്‍ : ആറ്റുവക്കില്‍ കൂനകൂട്ടിയിട്ട മണ്ണ് ഇടിഞ്ഞുവീണ് വരട്ടാര്‍ നികന്നു. തിരുവന്‍വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡ് ആറുവള്ളില്‍ തേവര്‍മണ്ണില്‍ കടവ് ഭാഗമാണ് നികന്നത്. ആറിനുകുറുകേ ചപ്പാത്ത് പോലെ മണ്ണ് തിട്ടയായി നില്‍ക്കുകയാണ്. മറുകരയിലേക്ക് സുഖമായി നടന്നു പോകാവുന്നത്ര കനത്തില്‍ മണ്ണ് അടിഞ്ഞു കിടപ്പുണ്ട്.

ആഴവും വീതിയും കൂട്ടാനായി വരട്ടാറില്‍നിന്ന് യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. ഇത് ആറ്റുതീരത്തുതന്നെ കൂട്ടിയിടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയത്ത് മണ്ണ് ആറ്റിലേക്കുതന്നെ ഒലിച്ചിറങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ മുകളില്‍നിന്നുള്ള മണ്ണുകൂടി ഒഴുകിയെത്തിയാണ് ആറിനു കുറുകേ മണ്‍തിട്ടതന്നെ രൂപപ്പെട്ടത്.

വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ ഭാഗമായി ആറ്റില്‍നിന്ന് നീക്കംചെയ്ത മണ്ണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലേലം ചെയ്യണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. മന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു തീരുമാനം. ഇതിനുവേണ്ട നടപടികള്‍ ആരംഭിക്കണമെന്ന യോഗത്തിന്റെ നിര്‍ദേശം എങ്ങും പാലിക്കപ്പെട്ടിട്ടില്ല.

ആറ്റുതീരത്തെ മണ്ണ് ലേലം ചെയ്യാമെന്ന് വാക്കാല്‍ പറയുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് പഞ്ചായത്ത് നഗരസഭാ അധികാരികള്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മണ്ണ് ലേലം ചെയ്യുമെന്ന് ഇവര്‍ പറഞ്ഞു.

ആറ്റില്‍നിന്ന് നീക്കംചെയ്ത മണ്ണ് സമീപത്തുതന്നെയുള്ള വീട്ടുകാര്‍ എടുത്ത് നീക്കാന്‍ തയ്യാറാണ്. പിന്നീട്, നിയമ പ്രശ്‌നമാകുമോ എന്ന് ഭയന്നാണ് ആരും ഇതിന് മുതിരാത്തത്. മണ്ണ് യഥാസമയം നീക്കം ചെയ്തില്ലെങ്കില്‍ ഇത്രയും നാളത്തെ പരിശ്രമം വെറുതേയായി പോകുമെന്ന് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍, ഒരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായില്ല.

മണ്ണ് വരട്ടിറ്റിലേക്ക് വീണ് നികന്നത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് എട്ടാം വാര്‍ഡ് മെമ്പര്‍ മനു തെക്കേടത്ത് പറഞ്ഞു. ആറ്റുതിട്ടയില്‍ കൂട്ടിയിട്ട മണ്ണ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കം ചെയ്യാവുന്നതേയുള്ളുവെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇക്കാര്യത്തില്‍ രണ്ടു മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടല്ലോ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.