ആലപ്പുഴ: ജീവിതത്തില്‍ പുതിയ ഒരധ്യായം തുടങ്ങിയ ദിനത്തിലും പത്താംതരം തുല്യതാപരീക്ഷ എഴുതി ജയിക്കണമെന്നായിരുന്നു ജിജിമോളുടെ ദൃഢനിശ്ചയം. അതിനാല്‍ വിവാഹപ്പന്തലില്‍നിന്നു നേരെയെത്തിയത് പരീക്ഷാഹാളിലേക്ക്.

ആലപ്പുഴ നെഹ്രുട്രോഫി വാര്‍ഡ് ജിജിഭവനത്തില്‍ കെ. ജിജിമോള്‍ (45) ശാരീരികവെല്ലുവിളികളെ അതിജീവിച്ചാണ് വിദ്യാഭ്യാസത്തിന്റെയും ഒപ്പം ജീവിതത്തിന്റെയും പുതിയ ഏടുകളിലേക്കു കടക്കുന്നത്. 50 ശതമാനം ശാരീരികവെല്ലുവിളി നേരിടുമ്പോഴും പഠനം ഒപ്പം കൂട്ടണമെന്നതായിരുന്നു ജിജിമോളുടെ തീരുമാനം. പരീക്ഷയും വിവാഹവും ഒരേദിവസം വന്നപ്പോള്‍ വിവാഹച്ചടങ്ങുകള്‍ക്കുശേഷം പരീക്ഷയെഴുതാന്‍ നിശ്ചയിച്ചുറച്ചു.

ബുധനാഴ്ചയായിരുന്നു വിവാഹം. ഉച്ചകഴിഞ്ഞ് പത്താംതരം തുല്യതാപരീക്ഷയും. വീട്ടിലെ വിവാഹച്ചടങ്ങുകള്‍ക്കുശേഷം ഒന്നരയോടെ ഫിസിക്‌സ് പരീക്ഷ എഴുതാന്‍ എത്തി. ആലപ്പുഴ മുഹമ്മദന്‍സ് ബോയ്‌സ് എച്ച്.എസ്.എസിലായിരുന്നു പരീക്ഷ. ഇലക്ട്രീഷ്യനായ മുഹമ്മ പള്ളിക്കുന്ന് മുണ്ടുപറമ്പില്‍ സുനില്‍കുമാറാണ് ജിജിമോളെ വിവാഹംകഴിച്ചത്. സുനിലിനു കോവിഡ് പിടിപെട്ടതിനാല്‍ സഹോദരിയാണ് തുളസിമാല ചാര്‍ത്തിയത്.

പത്താംക്‌ളാസ് ജയമെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് ജിജിമോള്‍ പറഞ്ഞു. ഇപ്പോള്‍ വീട്ടില്‍ തയ്യല്‍ജോലികള്‍ ചെയ്യുന്നുണ്ട്. എംപ്‌ളോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരു രജിസ്റ്റര്‍ചെയ്യാന്‍ ചെന്നപ്പോള്‍ പത്താംതരം ജയിച്ചാല്‍ തൊഴില്‍സാധ്യത ഏറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്നു തീരുമാനിച്ചതാണ് പത്താം ക്‌ളാസ് ജയിക്കണമെന്നത്- ജിജിമോള്‍ പറയുന്നു.

ഇവര്‍ക്ക് വിവാഹ ആശംസകള്‍ നേരാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബു, അംഗങ്ങളായ അഡ്വ. ആര്‍. റിയാസ്,എം.വി. പ്രിയ, നഗരസഭാ കൗണ്‍സിലര്‍ ബി. നസീര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

സാക്ഷരതാ മിഷന്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.ആര്‍. പ്രമീളാദേവി, എം. ഉഷ, അസി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. സിംല, ഇന്‍വിജിലേറ്റര്‍ ദീപ തുടങ്ങിയവരും തങ്ങളുടെ പ്രിയ പഠിതാവിനു വിവാഹാശംസകള്‍ നേര്‍ന്നു. പരീക്ഷാകേന്ദ്രത്തില്‍ പായസവിതരണവും നടത്തി

content highlights: differently abled women attend tenth equivalency exam after her marriage function