കലവൂര്‍: നാലുതൈക്കല്‍ വീട്ടുമുറ്റത്തുനിന്ന് പൊന്നുമക്കളെ സെമിത്തേരിയിലേക്കെടുത്തപ്പോള്‍ അലമുറയിട്ട മേരി ഷൈനിയെക്കണ്ട് കൂടിനിന്നവരെല്ലാം വിതുമ്പി. ഓമനപ്പുഴ സെയ്ന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയിലെ ഒരേ കുഴിയില്‍ അഭിജിത്തിനും അനഘയ്ക്കും അന്ത്യവിശ്രമം.

സഹോദരങ്ങളായ പത്തുവയസ്സുകാരന്‍ അഭിജിത്തും ഒന്‍പതുകാരി അനഘയും ഓമനപ്പുഴ ഓടപ്പൊഴിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണു മുങ്ങിമരിച്ചത്. ചൊവ്വാഴ്ചരാവിലെ 8.20-ന് നാലുതൈക്കല്‍ വീട്ടുമുറ്റത്ത് വെള്ളയും റോസും പൂക്കള്‍കൊണ്ടലങ്കരിച്ച രണ്ടു പെട്ടികളിലായി സഹോദരങ്ങളെ കിടത്തി.

നാട്ടിലാകെ തുള്ളിച്ചാടി നടന്നിരുന്ന അഭിജിത്തിനെയും അനഘയെയും അവസാനമായി കാണാന്‍ കുട്ടികളടക്കം നൂറുകണക്കിനാളുകളാണ് എത്തിയത്. സഹോദരങ്ങള്‍ പഠിച്ചിരുന്ന ചെട്ടികാട് എസ്.സി.എം.വി. യു.പി.സ്‌കൂളില്‍ രാവിലെ ഏഴരയോടെ പൊതുദര്‍ശനത്തിനു വെച്ചു. അധ്യാപകരും വിദ്യാര്‍ഥികളുമടക്കം ഒട്ടേറെപ്പേര്‍ ഇവിടെയുമെത്തി.

കുവൈത്തില്‍ ജോലിചെയ്തിരുന്ന അമ്മ മേരി ഷൈനി ചില സാങ്കേതികതടസ്സങ്ങളില്‍ കുടുങ്ങി എത്താന്‍വൈകിയതാണ് സംസ്‌കാരം നീണ്ടുപോകാനിടയാക്കിയത്. വീട്ടിലെ ചടങ്ങുകള്‍ക്കുശേഷം മൃതദേഹങ്ങള്‍ 11.30-ഓടെ പള്ളിയിലേക്കെടുത്തു.

പൊഴിയുടെ തിട്ടയിടിഞ്ഞു വെള്ളത്തിലേക്കു വീണ അനഘയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഭിജിത്തും മുങ്ങിമരിച്ചത്. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ., എ.എം. ആരിഫ് എം.പി., സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം എം.എ. ബേബി, കോണ്‍ഗ്രസ് നേതാക്കളായ എ.എ. ഷുക്കൂര്‍, എം. രവീന്ദ്രദാസ്, കെ.വി. മേഘനാഥന്‍, ബി.ജെ.പി.നേതാക്കളായ എം.വി. ഗോപകുമാര്‍, സന്ദീപ് വാചസ്പതി തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.