അമ്പലപ്പുഴ: റോഡിലെ കുഴിയില്‍വീണു പരിക്കേറ്റുകിടന്ന സ്‌കൂട്ടര്‍യാത്രികന് ആംബുലന്‍സ് ഡ്രൈവര്‍ രക്ഷകനായി. തൂത്തുക്കുടി സ്വദേശി കറുപ്പുസ്വാമി(50)യാണ് അപകടത്തില്‍പ്പെട്ടത്. സി.എച്ച്.സെന്ററിന്റെ ആംബുലന്‍സ് ഡ്രൈവര്‍ അമ്പലപ്പുഴ കാക്കാഴം കമ്പിവളപ്പ് പാലച്ചുവട്ടില്‍ സിനാസ് ആണ് ഇദ്ദേഹത്തെ രക്ഷിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചേ നാലരയ്ക്കായിരുന്നു സംഭവം. ശാസ്താംകോട്ടയില്‍ രോഗിയെ ഇറക്കി തിരികെ അമ്പലപ്പുഴയിലേക്കു വരുകയായിരുന്നു സിനാസ്. കരീലക്കുളങ്ങര ജങ്ഷനു സമീപം റോഡരികിലാണ് കറുപ്പുസ്വാമി പരിക്കേറ്റു കിടന്നത്. സ്‌കൂട്ടര്‍ റോഡിന്റെ മധ്യഭാഗത്തായും കിടന്നു. കൊച്ചിയില്‍നിന്നു തൂത്തുക്കുടിയിലേക്കു പോകുകയായിരുന്നു കറുപ്പുസ്വാമി. ആംബുലന്‍സ് നിര്‍ത്തിയിറങ്ങിയ സിനാസ് കറുപ്പുസ്വാമിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു.

വലതുകാലിന്റെ മുട്ടിനുതാഴെ ഒടിവുണ്ടായതിനാല്‍ അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നു. ഇതിനിടെ കറുപ്പുസ്വാമിയുടെ ബന്ധുക്കളെയും സിനാസ് വിവരമറിയിച്ചു. ബന്ധുക്കളെത്തി ഇദ്ദേഹത്തെ നാട്ടിലേക്കു കൊണ്ടുപോയി.