ആലപ്പുഴ: കോവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ ഓഗസ്റ്റില്‍ ജില്ല റെക്കോഡിട്ടു. തിങ്കളാഴ്ച വൈകീട്ട് നാലുവരെയുള്ള കണക്കുപ്രകാരം ആറുലക്ഷം കടന്നു. 6.20 ലക്ഷം ഡോസ് വാക്‌സിനാണ് ഈമാസം നല്‍കിയത്.ആദ്യമായാണ് ഒരുമാസം ഇത്രയധികം പേര്‍ക്ക് വാക്സിന്‍ നല്‍കുന്നത്.

നേരത്തേ ജൂലായ് മാസത്തില്‍ നാലുലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതാണ് ഒരുമാസത്തെ ഏറ്റവുംവലിയ നേട്ടം. ഏപ്രിലില്‍ മൂന്നുലക്ഷത്തോളം വാക്‌സിനും നല്‍കിയിരുന്നു. ജില്ലയിലാകെ ഇതുവരെ 18.38 ലക്ഷം ഡോസാണു നല്‍കിയത്.

ഇതില്‍ 12.18 ലക്ഷംഡോസ് നല്‍കാന്‍ ആറുമാസമെടുത്തു. വാക്‌സിന്‍ ആവശ്യത്തിനു കിട്ടാത്തതിനാലായിരുന്നു ഇത്. മിക്കവാറും ദിവസങ്ങളില്‍ ഇപ്പോള്‍ ശരാശരി 40,000 ഡോസിനു മുകളില്‍ വാക്സിന്‍ നല്‍കുന്നുണ്ട്. ഓഗസ്റ്റ് 13-നായിരുന്നു ഒരുദിവസത്തെ റെക്കോഡ് വാക്‌സിനേഷന്‍. അന്ന് 55,090 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

പതിനെട്ടുവയസ്സിനു മുകളിലുള്ളവരുടെ ആദ്യഡോസ് വാക്‌സിനേഷന്‍ ജില്ലയില്‍ അന്തിമഘട്ടത്തിലാണ്.

ഇതിനികം 13.30 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. നാലുലക്ഷത്തില്‍പ്പരം പേരെ ഇനി ബാക്കിയുള്ളൂ. വാക്‌സിന്‍ലഭ്യത ഉറപ്പായാല്‍ പരമാവധി രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. പ്രായമായവരും മറ്റുരോഗങ്ങളുള്ള ചിലരും വാക്‌സിനേഷനില്‍നിന്നു വിട്ടുനില്‍ക്കുന്നുണ്ട്. ഇവരെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനം ആരോഗ്യവകുപ്പു ജനപ്രതിനിധികളുടെ സഹായത്തോടെ നടത്തുന്നുണ്ട്.

Content Highlights: 6.20 lakh vaccinated during one month in alappuzha