കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച വീട്
ആലപ്പുഴ: 2018-ലെ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട കുട്ടനാട്ടുകാര്‍ക്കായി സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിപ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ചൊവ്വാഴ്ച നടക്കും. ജില്ലയില്‍ പ്രളയദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി സഹകരണവകുപ്പു നടപ്പാക്കിയ കെയര്‍ ഹോം പദ്ധതിപ്രകാരം നിര്‍മിച്ച വീടുകളുടെ എണ്ണം ഇതോടെ 201 ആയി.
പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും ചൊവ്വാഴ്ച നടക്കും. എസ്.എല്‍. പുരം സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ പുന്നമടക്കായലിന്റെ തീരത്ത് 11 വീടുകളാണു നിര്‍മിച്ചത്.
കേപ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റാണു പുന്നമടയിലെ വീടുകള്‍ രൂപകല്പന ചെയ്തത്. കായല്‍ച്ചിറയില്‍ ഏകദേശം 10 മീറ്റര്‍ ഉയരമുള്ള പില്ലറുകളിലാണു വീടുപണിതിരിക്കുന്നത്. മണലില്‍ പൈലിങ് നടത്തിയാണ് പില്ലര്‍ ഉറപ്പിച്ചത്. ചുറ്റും വെള്ളമായതിനാല്‍ നിര്‍മാണ സാമഗ്രികളെല്ലാം ജലമാര്‍ഗമാണ് എത്തിച്ചത്. ഓരുവെള്ള ഭീഷണിയും ഉണ്ടായി. വേലിയേറ്റവും നോക്കി ജോലികള്‍ ക്രമീകരിച്ചു. മറ്റു പല ഭവന നിര്‍മാണ പദ്ധതികളിലും ഉള്‍പ്പെട്ടിട്ടും ഗതാഗത പ്രശ്‌നവും ഓരുവെള്ള ഭീഷണിയും നിമിത്തം വീടു നിര്‍മിക്കാനാവാതെ വിഷമിച്ച 11 നിര്‍ധന കുടുംബങ്ങള്‍ക്കാണ് ബാങ്ക് തുണയായത്.
എസ്.എല്‍. പുരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. രാധാകൃഷ്ണനാണു നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ കര്‍മസദന്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. വീടുകളുടെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയ എസ്.എല്‍.പുരം സഹകരണബാങ്കിനെ മന്ത്രി പി. പ്രസാദ് ആദരിക്കും.
കെയര്‍ ഗ്രേസ് ഗൃഹോപകരണങ്ങളുടെ വിതരണം എ.എം. ആരിഫ് എം.പി.യും മെഡിക്കല്‍ കിറ്റുവിതരണം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യും നിര്‍വഹിക്കും. എച്ച്. സലാം എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കളക്ടര്‍ ഡോ. രേണു രാജ് എന്നിവര്‍ വിശിഷ്ടാതിഥികളാവും.
Content Highlights: 201 houses have been built in alappuzha according to care home project
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..