ഹരിപ്പാട്: ആക്രിപെറുക്കുന്നതു മറയാക്കി ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതിനു പിടിയിലായ പ്രതികള്‍ ദിവസക്കൂലിക്കാരാണെന്നു സൂചന. 1,500 രൂപയും മദ്യവുമാണ് കൂലി. ഇവരില്‍ രണ്ടുപേരാണു പിടിയിലായത്. പ്രതികളുടെ മൊഴിയില്‍നിന്നാണ് ദിവസക്കൂലിക്ക് ആളെനിര്‍ത്തി മോഷണം നടത്തുന്നതിനെപ്പറ്റി വിവരം ലഭിച്ചത്. സംഘത്തിലെ മറ്റുള്ളവരെപ്പറ്റി അന്വേഷണം നടക്കുകയാണ്. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതോടെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്. കായംകുളം ഐക്യ ജങ്ഷന്‍ പടീറ്റേടത്ത് പടീറ്റതില്‍ ഷെമീര്‍ (34), വരിക്കപ്പള്ളി തറയില്‍ സമീര്‍ (35) എന്നിവരാണ് കരീലക്കുളങ്ങര പോലീസിന്റെ പിടിയിലായത്.

പകല്‍സമയം സ്‌കൂട്ടറില്‍ ആക്രിപെറുക്കാനെന്നപേരില്‍ കറങ്ങുന്നതാണ് സംഘാംഗങ്ങളുടെ രീതി. വൈകീട്ട് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി മടങ്ങിയെത്തും. തുടര്‍ന്ന് പെട്ടി ഓട്ടോറിക്ഷയില്‍ നാലുപേര്‍ ചേര്‍ന്ന് പോകും. വണ്ടിയില്‍ മീന്‍പെട്ടിയുമുണ്ടാകും. നേരത്തേ കണ്ടുവെച്ച വീട്ടിലെത്തി അടുക്കളവാതില്‍ പൊളിച്ചുകയറി മോഷണംനടത്തി മടങ്ങും. ഈ സാധനങ്ങള്‍ വിറ്റ് പണംവാങ്ങുന്നതെല്ലാം മറ്റു ചിലരാണ്. മോഷ്ടാക്കള്‍ക്ക് കൂലിയായി പണവും മദ്യവും കിട്ടും.

വീടുകളില്‍ കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ റെയില്‍വേയുടെയും കെ.എസ്.ഇ.ബി.യുടെയും സ്ഥലങ്ങളിലെത്തും. കമ്പിയും കേബിളുകളും ഉള്‍പ്പെടെ കൈക്കലാക്കി സ്ഥലംവിടും. കരീലക്കുളങ്ങര സ്റ്റേഷനില്‍ മാത്രം അറുപതോളം മോഷണങ്ങളാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ഇതില്‍ ഏഴു കേസുകളിലെ തൊണ്ടിമുതല്‍ കായംകുളത്തിനടുത്തുള്ള ആക്രിക്കടയില്‍നിന്നു കണ്ടെടുത്തിരുന്നു.

Content Highlights: 1500 rupees and liqour for one day theft