എടത്വ : പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി പെരുന്നാള്‍ തീര്‍ഥാടനത്തിരക്കിലേക്ക്. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപ ദര്‍ശനത്തിനായി പതിനായിരക്കണക്കിന് വിശ്വാസികളാണ് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. പെരുന്നാളിന്റെ എട്ടാംദിനമായ തിങ്കളാഴ്ചവരെ രണ്ടരലക്ഷത്തോളം വിശ്വാസികളാണ് ദര്‍ശനം നടത്തിയത്. തിരുസ്വരൂപപ്രദക്ഷിണവും പ്രധാന തിരുനാളും ഉള്‍പ്പെടെയുള്ള വരുംദിനങ്ങളില്‍ തിരക്ക് ഇനിയും വര്‍ധിക്കും.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ കൊടിയേറ്റിന് തലേന്നുതന്നെ പള്ളിയിലെത്തിയിരുന്നു. ആയിരക്കണക്കിന് തമിഴ് വിശ്വാസികളാണ് എല്ലാവര്‍ഷവും എടത്വയിലെത്തുന്നത്.  കന്യാകുമാരി, നാഗര്‍കോവില്‍ ഭാഗങ്ങളിലെ തുറക്കാര്‍ അവരുടെ വിശ്വാസപ്രകാരം എടത്വ പള്ളിയിലെത്തി നേര്‍ച്ച നല്‍കിയശേഷമാണ് പുതിയ വ്യാപാരം ആരംഭിക്കുന്നത്. തമിഴ് വിശ്വാസികള്‍ക്കായി പള്ളിയില്‍ മൂന്നുനേരവും പ്രത്യേക കുര്‍ബാനകള്‍ നടക്കുന്നുണ്ട്. പ്രധാന തിരുനാള്‍ ദിനമായ ഏഴാംതീയ്യതിവരെ നടക്കുന്ന ചടങ്ങുകളില്‍ തിരുസ്വരൂപം വഹിക്കാനുള്ള അവകാശം പാരമ്പര്യമായി ലഭിച്ചിട്ടുള്ളത് തമിഴ്‌നാട്ടിലെ രണ്ട് തുറക്കാര്‍ക്കാണ്. ആറിനു നടക്കുന്ന പ്രദക്ഷിണത്തിന് രാജാക്കമംഗലം തുറക്കാരും ഏഴിന് നടക്കുന്ന പ്രധാന പ്രദക്ഷിണത്തിന് കന്യാകുമാരിയിലെ മാര്‍ത്താണ്ഡം തുറക്കാരുമാണ് തിരുസ്വരൂപം വഹിക്കുക.

തീര്‍ഥാടകരുടെ താമസസൗകര്യത്തിനായി ഒമ്പത് കേന്ദ്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. കുടിവെള്ളത്തിനായി നൂറോളം പൊതുടാപ്പുകളും നിരവധി ജലസംഭരണികളും സ്ഥാപിച്ചിട്ടുണ്ട്. പോലീസും 201 അംഗ കമ്യൂണിറ്റി പോലീസും തീര്‍ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സ്ഥലത്ത് ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യവകുപ്പിന്റെയും പരിശോധനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. നിരീക്ഷണത്തിനായി 40 സി.സി.ടി.വി. കാമറകളുും സ്ഥാപിച്ചു.
വരുംദിവസങ്ങളില്‍ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിച്ച് എല്ലാവര്‍ക്കും ദര്‍ശനം കിട്ടത്തക്കവിധം സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയതായി ഭാരവാഹികള്‍ പറഞ്ഞു.