വാനില | ഫോട്ടോ:മാതൃഭൂമി
തണലും നീര്‍വാര്‍ച്ചയും നല്ല ജൈവാംശവുമുള്ള മണ്ണില്‍ നന്നായി വളരാന്‍ വാനിലയ്ക്കു കഴിയും. വള്ളിച്ചെടി ആയതിനാല്‍ പടര്‍ത്തിവിടാന്‍ താങ്ങുകള്‍ വേണം. ശീമക്കൊന്നയാണ് നല്ലത്. വാനില നടുന്നതിനു നാലുമാസം മുമ്പെങ്കിലും നട്ടുപിടിപ്പിക്കണം. ഇടയകലം കാലുകള്‍ തമ്മില്‍ 2.5 മീറ്ററും വരികള്‍ തമ്മില്‍ രണ്ട് മീറ്ററും. വള്ളി മുറിച്ചുനട്ടാണ് വളര്‍ത്തുന്നത്. വേരുപിടിപ്പിച്ച 60 സെന്റീമീറ്റര്‍ നീളമുള്ള വള്ളികള്‍ നടാം.
ഒരു മീറ്ററോളം നീളമുള്ള വള്ളികളാണ് നീളം കുറഞ്ഞവയെക്കാള്‍ വേഗം പൂക്കുന്നത്. കൂടാതെ, ടിഷ്യു കള്‍ച്ചര്‍ തൈകളുമുണ്ട്. മഴയുടെ തുടക്കത്തില്‍ 40 x 40 X 40 സെന്റീ മീറ്റര്‍ അളവിലും ചെടികള്‍ തമ്മില്‍ 2.7 മീറ്ററും വരികള്‍ തമ്മില്‍ 1.8 മീറ്ററും വരുംവിധം കുഴികളെടുത്തു വള്ളി താങ്ങുകാലിനോട് ചേര്‍ത്ത് നടാം. ചുവട്ടില്‍ ചപ്പുചവര്കൊണ്ട് പുതയിടണം. വളരുന്നതനുസരിച്ചു വള്ളികള്‍ താങ്ങുകാലില്‍ കെട്ടിവെക്കാം. ചെടികള്‍ 135 സെന്റീ മീറ്റര്‍ ഉയരമാകുമ്പോള്‍ വള്ളികള്‍ താങ്ങുകാലുകള്‍ക്കു ചുറ്റും വലയങ്ങളായി തൂക്കിയിടണം. ഇതിന് 'ലൂപ്പിങ്' എന്നാണ് പറയുക. നന്നായി പൂപിടിക്കാന്‍ വേണ്ടിയാണിത്. വള്ളികള്‍ വളര്‍ന്ന് താങ്ങുകാലില്‍ പിടിച്ചു മുകളിലേക്ക് വളരാന്‍ അനുവദിക്കണം.
വള്ളി അവിടെത്തന്നെ വളര്‍ച്ച ക്രമീകരിച്ച് ഏകദേശം രണ്ടുമീറ്ററോളം വളര്‍ത്തിയശേഷം താഴേക്ക് തൂക്കിയിടുകയും മണ്ണില്‍ മുട്ടുന്നതിനു മുന്‍പ് താങ്ങുമരത്തിലൂടെ മുകളിലേക്ക് വളര്‍ത്തുകയും ചെയ്യണം. ചെടിയുടെ വേരുപടലം മണ്നിരപ്പിലായതിനാല് ചുവട്ടില്‍ പച്ചിലയോ കാലിവളമോകൊണ്ട് ജൂണ്‍-ജൂലായിലും സെപ്റ്റംബര്‍-ഒക്ടോബറിലും പുതയിടണം. മൂന്നാംവര്‍ഷം മുതല്‍ ചെടി പുഷ്പിക്കും. ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെയാണ് പ്രധാന പൂക്കാലം. എന്നാല്‍, പുഷ്പങ്ങളുടെ പ്രത്യേകഘടന നിമിത്തം സ്വയംപരാഗണം നടക്കില്ല. 'കൃത്രിമപരാഗണം' കൂടിയേ തീരൂ. അല്ലെങ്കില്‍ കായ് പിടിക്കില്ല.
കൃത്രിമപരാഗണം ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഇതിന് പൂവിനെ ഇടതു കൈകൊണ്ടു പിടിച്ചു തള്ളവിരലുപയോഗിച്ചു ലേബെല്ലം എന്ന ഭാഗം താഴ്ത്തി ഒരു ചെറിയ ഈര്‍ക്കില്‍ ഉപയോഗിച്ച് വലതു കൈകൊണ്ട് അടപ്പുപോലുള്ള ഭാഗം ഉയര്‍ത്തി പിറകോട്ടു നീക്കണം. ഇടതുകൈയിലെ തള്ളവിരല്‍കൊണ്ട് പൂമ്പൊടി നിറഞ്ഞ അറ പതുക്കെ അമര്‍ത്തിയാല്‍ അതില്‍നിന്നു പൂമ്പൊടി പരാഗണസ്ഥലത്തു വീഴും. രാവിലെ ആറുമുതല്‍ ഒന്നു വരെയാണ് ഇത് ചെയ്യേണ്ടത്. ഇത് കഴിഞ്ഞു നാലുദിവസത്തിനുശേഷവും പൂവ് കൊഴിയാതെ നിന്നാല്‍ പരാഗണം വിജയിച്ചു എന്ന് കരുതാം. കായ്കള്‍ മൂക്കാന്‍ 9-11 മാസം വേണം. ചുവട്ടില്‍നിന്ന് നേരിയ മഞ്ഞനിറം മുകളിലേക്ക് വ്യാപിക്കുമ്പോള്‍ കായ്കള്‍ വിളവെടുക്കണം.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..