മഞ്ഞൾ വിളവെടുപ്പ് ഫോട്ടോ: PTI
ചൂടുള്ള കാലാവസ്ഥയും ഈര്‍പ്പമുള്ള അന്തരീക്ഷവും ധാരാളം മഴകിട്ടുന്നതുമായ പ്രദേശത്ത് മഞ്ഞള്‍ കൃഷിചെയ്യാം. തണലിടങ്ങളിലും നന്നായി വളരുമെന്നതിനാല്‍ വീട്ടുവളപ്പുകളില്‍ വളര്‍ത്താം. തെങ്ങിന്തോപ്പില് ഉത്തമ ഇടവിളയും. ഏപ്രില്‍-മേയ് മാസം ഒന്നോ രണ്ടോ നല്ല മഴ കിട്ടുന്നതോടെ നടാം. തയ്യാറാക്കിയ വാരങ്ങളില്‍ 25x25 സെ.മീ. അകലത്തില്‍ ചെറിയ കുഴികളെടുത്ത് മുള മുകളിലേക്കാക്കി വിത്തുമഞ്ഞള്‍ നടാം. നട്ടുകഴിഞ്ഞു മണ്ണോ ഉണങ്ങിയ ചാണകപ്പൊടിയോകൊണ്ട് മൂടാം. നട്ടയുടന്‍ പച്ചിലകൊണ്ട് പുതയിടാം. മഞ്ഞളിന് രണ്ടുതരം വിത്തുണ്ട്. തള്ളവിത്തും പിള്ളവിത്തും അഥവാ ചെറുവിത്തും.
ഇതുരണ്ടും നടാനെടുക്കാം. ഒരു സെന്റില്‍ നടാന്‍ ഏകദേശം എട്ടുകിലോ വിത്ത് വേണം. മൂന്നുമീറ്റര്‍ നീളവും ഒന്ന്-ഒന്നേകാല്‍ മീറ്റര്‍ വീതിയുമുള്ള തടങ്ങളെടുത്ത് ഏതാണ്ട് രണ്ടു ചാണ് അകലത്തില്‍ കുഴികള്കുത്തി അതില്‍ ജൈവവളങ്ങള്‍ ചേര്‍ക്കാം. ഇതിന് 80 കിലോ ചാണകം, 15 കിലോ മണ്ണിരക്കമ്പോസ്റ്റ്, എട്ടുകിലോ വേപ്പിന്‍പിണ്ണാക്ക്, നാലുകിലോ ചാരം, 500 ഗ്രാം രാജ്ഫോസ്, 200 ഗ്രാം പൊട്ടാഷ്വളം എന്നിവചേര്‍ത്ത് വളമിശ്രിതം തയ്യാറാക്കാം. ഇതിട്ടുവേണം വിത്തുമഞ്ഞള്‍ നടാന്‍. ഏകദേശം 20 ഗ്രാം തൂക്കമുള്ള വിത്താണ് നടാന്‍ നല്ലത്. വിത്തുകള്‍ കുഴിയില്‍ പാകിയിട്ട് മണ്ണിട്ടുമൂടി, കനത്തില്‍ പച്ചിലപ്പുതയിടുക. ഇതേ തടങ്ങളില്‍ രണ്ടുമാസം കഴിയുമ്പോള്‍ കളകള്‍ നീക്കി ഒരു സെന്റിന് 260 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും ചേര്‍ത്ത് മണ്ണുകയറ്റി വീണ്ടും പച്ചില പുതയ്ക്കാം. ജനുവരിമുതല്‍ മാര്‍ച്ചുവരെയുള്ള കാലത്താണ് വിളവെടുപ്പ്. നട്ട ഇനത്തിന്റെ മൂപ്പനുസരിച്ചു വിളവെടുപ്പില്‍ ചെറിയ വ്യത്യാസം വരാം.
ഗ്രോബാഗിലും വളര്‍ത്താം. വിത്ത് അധികം താഴ്ത്തിനടാതെ ശ്രദ്ധിച്ചാല്‍മതി. വളര്ച്ചാമിശ്രിതമായി ഒരുഭാഗം മേല്‍മണ്ണ്, 100 ഗ്രാം എല്ലുപൊടി, കുറച്ച് വേപ്പിന്‍പിണ്ണാക്ക്, രണ്ടുപിടി ചാരം എന്നിങ്ങനെചേര്ക്കാം. അമിത നന വേണ്ട. ഗ്രോബാഗിലും പുതയിടാം. ഇടയ്ക്ക് വേപ്പിന്‍പിണ്ണാക്ക് വെള്ളത്തില്‍ കലര്‍ത്തി രണ്ടുദിവസം വെച്ചിട്ട് തെളിയൂറ്റി ചെടികളില്‍ തളിച്ചാല്‍ അത് വളവും കീടനാശിനിയുമാകും. രണ്ട്-മൂന്ന് ദിവസം തണലില്വെച്ചിട്ട് കുറേശ്ശേ വെയിലത്തേക്കുമാറ്റാം. മഞ്ഞളിന്റെ സഹോദരവിളകളാണ് കരിമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍, മഞ്ഞക്കൂവ, മാങ്ങായിഞ്ചി തുടങ്ങിയവ. കരിമഞ്ഞള്‍ ഒരു മികച്ച ഔഷധവിളയാണ്. ചര്‍മസംരക്ഷണത്തിന് അത്യുത്തമമാണ് കസ്തൂരിമഞ്ഞള്‍. മഞ്ഞക്കൂവ അന്നജസമൃദ്ധമായ കൂവപ്പൊടിയുടെ ഉറവിടമാണ്. പച്ചമാങ്ങയുടെ രുചിയുമായി സാമ്യമുള്ളതാണ് മാങ്ങയിഞ്ചി.
Content Highlights: tips while cultivating turmeric and adding fertilizers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..