രാമച്ചം | ഫോട്ടോ : മാതൃഭൂമി ആർക്കൈവ്‌സ്
രാമച്ചവും കച്ചോലവും നമ്മുടെ കാലാവസ്ഥയില്‍ സാമാന്യം നന്നായിവളരുന്ന ഏറെ വാണിജ്യസാധ്യതകളുള്ള രണ്ട് ഔഷധ സുഗന്ധവിളകളാണ്.
രാമച്ചം
മണല്‍കലര്‍ന്ന വളക്കൂറുള്ള മണ്ണിലാണ് വളരുക. നല്ലമഴയും സൂര്യപ്രകാശവും കിട്ടുന്ന സ്ഥലങ്ങള്‍ കൂടുതല്‍ നന്ന്. രണ്ടിനമുണ്ട്. തെക്കെ ഇന്ത്യനും വടക്കെ ഇന്ത്യനും. തെക്കെ ഇന്ത്യനിലാണ് തൈലം കൂടുതല്‍കിട്ടുന്നത്. വടക്കെ ഇന്ത്യന്‍ ഇനങ്ങളുടെ തൈലം കൂടുതല്‍ മേന്മയുള്ളതായിരിക്കും. മുന്‍വിളയില്‍ നിന്നെടുക്കുന്ന ചിനപ്പുകള്‍ (കടകള്‍) നട്ടാണ് കൃഷി. ഈ ഘട്ടത്തില്‍ നന പ്രധാനമാണ്. ഓടക്കലി സുഗന്ധതൈല ഗവേഷണകേന്ദ്രം ഉത്പാദിപ്പിച്ച 'ഒ.ഡി.വി-3' എന്ന ഇനം രാമച്ചം ശ്രദ്ധേയമാണ്. ജൂണ്‍മുതല്‍ ഓഗസ്റ്റ് ആദ്യംവരെയുള്ള സമയമാണ് കൃഷിക്ക് നല്ലത്.
രണ്ടോ മൂന്നോ തവണ മണ്ണിളക്കി നിരപ്പാക്കി സൗകര്യപ്രദമായ നീളത്തിലും ഒരുമീറ്റര്‍ വീതിയിലും വരമ്പുകളുണ്ടാക്കണം. ഈ വരമ്പുകളില്‍ കുഴികുത്തി ഈരണ്ട് ചിനപ്പുകള്‍ വീതം നടാം. ഒരു ചിനപ്പ് പോയാലും അടുത്തത് പിടിച്ചുകിട്ടാന്‍ വേണ്ടിയാണിത്. ചെടികള്‍ തമ്മില്‍ ഒന്നര അടിയും വരികള്‍ തമ്മില്‍ രണ്ടര അടിയും അകലംവരുംവിധമാണ് നടീല്‍. ഒരു സെന്റില്‍ നടാന്‍ 400 ചിനപ്പുകള്‍ വേണം. തടമെടുക്കുമ്പോള്‍ അടിവളമായി കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. മൂന്നു മാസത്തിനുശേഷവും ആറു മാസത്തിനുശേഷവും വളം ചേര്‍ക്കണം. ഒരു സെന്റിന് 500 ഗ്രാം റോക്ഫോസ്ഫേറ്റും 150 ഗ്രാം പൊട്ടാഷും വിതറി മണ്ണ് പറിച്ചുമൂടണം. മൂന്നുമാസം കഴിഞ്ഞു തറനിരപ്പില്‍നിന്ന് ഒരടി അകലത്തില്‍ തലപ്പ് മുറിച്ചുവിട്ടാല്‍ കൂടുതല്‍ ചിനപ്പുകളുണ്ടാകും. നട്ട് ഒന്നരവര്‍ഷമായാല്‍ വിളവെടുക്കാം. ഈ സമയം ഓലകള്‍ക്ക് ഇളംമഞ്ഞ നിറമാകും. മണ്ണിനുമുകളിലുള്ള ഭാഗം മുറിച്ചുനീക്കി വേരോടുകൂടി ചുവട് കിളച്ചെടുക്കാം. ഇത് കഴുകി വൃത്തിയാക്കി മണ്ണുമാറ്റി സൂക്ഷിക്കാം. വേരിനാണ് വിലയെന്നതിനാല്‍ പ്രത്യേക ശ്രദ്ധവേണം.
കച്ചോലം
നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ വളര്‍ത്താം. മേയ്-ജൂണ്‍ മാസങ്ങളിലാണ് കൃഷി. വേനല്‍മഴ കിട്ടുന്നതോടെ കൃഷിയിടം ഒരുക്കി 40 സെന്റീമീറ്റര്‍ അകലത്തില്‍ ഒരുമീറ്റര്‍ വീതിയും 25 സെന്റീമീറ്റര്‍ ഉയരവുമുള്ള തടങ്ങള്‍ എടുക്കണം. ഒരു മുളയെങ്കിലുമുള്ള വിത്തുകിഴങ്ങാണ് 20 x 15 സെന്റീമീറ്റര്‍ അകലത്തിലുള്ള കുഴികളില്‍ മുള മുകളിലേക്കാക്കിയാണ് നടേണ്ടത്. ഇതിനുമീതെ കാലിവളവും എല്ലുപൊടിയും ഇട്ടുമൂടിയശേഷം മീതെ ചപ്പുചവറുകൊണ്ട് പുതയിടണം. അടിവളവും ഇവ തന്നെ. ഒന്നര മാസവും മൂന്നുമാസവും കഴിയുമ്പോള്‍ കളനീക്കി വളം ചേര്‍ക്കണം. ഒരുശതമാനം ബോര്‍ഡോമിശ്രിതം തളിച്ചാല്‍ ഇലചീയല്‍പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാം. ഡിസംബര്‍-ജനുവരി മാസത്തോടെ ഇലകള്‍ ഉണങ്ങിത്തുടങ്ങുമ്പോള്‍ വിളവെടുക്കാം. വിളവെടുത്ത കിഴങ്ങുകള്‍ വേരുകള്‍നീക്കി വൃത്തിയാക്കി വട്ടത്തിലരിഞ്ഞു ഉണക്കി സൂക്ഷിക്കാം. രജനി, കസ്തൂരി എന്നിവ മികച്ച കച്ചോലം ഇനങ്ങളാണ്.
Content Highlights: things to know while cultivating ramacham and kacholam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..