വേനല്‍ക്കാലത്ത് വൈക്കോലിനെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്താന്‍ ചില എളുപ്പവഴികള്‍


ഡോ.എസ്. ശ്യാം സൂരജ്

2 min read
Read later
Print
Share

ഫോട്ടോ: വി.പി. ഉല്ലാസ്, മാതൃഭൂമി

ശാസ്ത്രീയ പശുവളര്‍ത്തലിന്റെ കാലത്തും വൈക്കോലിന്റെ ഉപയോഗം കേരളത്തില്‍ കുറഞ്ഞിട്ടില്ല. തദ്ദേശീയ ഉത്പാദനം വളരെ കുറഞ്ഞെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വൈക്കോല്‍ ധാരാളമായിവരുന്നുണ്ട്. വേനല്‍ക്കാലത്ത് പച്ചപ്പുല്ലിന്റെ ലഭ്യത കുറയുമ്പോള്‍, വൈക്കോലിന്റെ ഉപയോഗം കൂടും. ഇതിന്റെ ഗുണനിലവാരം കൂട്ടുന്നതിന് എങ്ങനെയൊക്കെ സമ്പുഷ്ടീകരിക്കാമെന്നത് മനസ്സിലാക്കാം:

സമ്പുഷ്ടീകരിക്കല്‍

സോഡാക്കാരം, കുമ്മായം, അമോണിയ, യൂറിയ എന്നിവ ചേര്‍ത്ത് വൈക്കോല്‍ സമ്പുഷ്ടീകരിക്കാം. ഇതിലൂടെ രുചി, കഴിക്കുന്നതിന്റെ അളവ്, ദഹനം എന്നിവ മെച്ചപ്പെടുത്താന്‍ സാധിക്കും. പരമാവധി 1.5 ശതമാനം സോഡാക്കാരം ചേര്‍ത്ത ലായനിയില്‍ 24 മണിക്കൂര്‍ വൈക്കോല്‍ കുതിര്‍ത്തശേഷം, തണുത്ത വെള്ളത്തില്‍ കഴുകി പശുക്കള്‍ക്ക് നല്‍കാം. ഇതേപോലെ നാലുമുതല്‍ ആറുശതമാനംവരെ കുമ്മായംകലക്കിയ വെള്ളത്തില്‍ കുതിര്‍ത്തശേഷവും നല്‍കാം. കുമ്മായം ഉപയോഗിക്കുമ്പോള്‍ മൃഗങ്ങള്‍ക്ക് കാത്സ്യവും ലഭിക്കും.

അമോണിയ വൈക്കോലില്‍ ചേര്‍ക്കുമ്പോള്‍ ദഹനശേഷി മാത്രമല്ല, പ്രോട്ടീനിന്റെ അളവും കൂടും. അതോടൊപ്പം വൈക്കോല്‍ എളുപ്പം കേടുവരാതിരിക്കുകയുംചെയ്യും. കേരളത്തിലെ സാഹചര്യത്തില്‍ അമോണിയക്കുപകരം അതേ ഗുണങ്ങള്‍ നല്‍കുന്ന യൂറിയ ഉപയോഗിക്കുന്നരീതിയാണ് പ്രായോഗികവും ചെലവുകുറഞ്ഞതും. യൂറിയ സുരക്ഷിതവും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്. ഇതിനായി വര്‍ഷങ്ങള്‍ക്കുമുമ്പേ പദ്ധതികള്‍ ആരംഭിച്ചെങ്കിലും കേരളത്തില്‍ ഇതുവരെ പ്രചാരം ലഭിച്ചിട്ടില്ല.

വൈക്കോല്‍-യൂറിയ സമ്പുഷ്ടീകരണരീതി

നൂറുകിലോ വൈക്കോലിന് പരമാവധി നാലുകിലോ യൂറിയ 60 ലിറ്റര്‍ വെള്ളത്തില്‍ച്ചേര്‍ത്ത് നന്നായി ഇളക്കി ലായനി തയ്യാറാക്കാം. സൂര്യപ്രകാശത്തില്‍ നിലത്ത് പരത്തിയിട്ട വൈക്കോല്‍ ഒരു സ്പ്രേയര്‍/റോസ് കാന്‍ ഉപയോഗിച്ച് പകുതി ലായനി തുല്യമായി തളിക്കാം. അരമണിക്കൂറിനുശേഷം വൈക്കോല്‍ തിരിച്ചിട്ട് ബാക്കിയുള്ള ലായനിയും തളിക്കാം. ഉണങ്ങിയശേഷം വായു കടക്കാത്ത രീതിയില്‍ പ്ലാസ്റ്റിക്/ഫൈബര്‍ വീപ്പയിലോ, ബാഗിലോ സൂക്ഷിച്ചുവെച്ച് രണ്ട്-മൂന്ന് ആഴ്ചകള്‍ക്കുശേഷം കന്നുകാലികള്‍ക്ക് നല്‍കാം. യൂറിയയോടൊപ്പം 10 ലിറ്റര്‍വരെ ശര്‍ക്കരപ്പാനി ചേര്‍ക്കാം.

ശര്‍ക്കരപ്പാനി ഊര്‍ജം പ്രദാനം ചെയ്യുകയും വെക്കോല്‍ ഒരു സമ്പൂര്‍ണവും സുരക്ഷിതവുമായ അടിസ്ഥാന തീറ്റയാക്കി മാറ്റുകയും ചെയ്യും. ഇതുകൂടാതെ അരക്കിലോ വീതം ഉപ്പും ധാതുലവണമിശ്രിതവും ലായനിയില്‍ ചേര്‍ക്കുന്നത് ഗുണകരമാണ്. യൂറിയ സമ്പുഷ്ടീകരണത്തിലൂടെ വൈക്കോലില്‍ അസംസ്‌കൃത പ്രോട്ടീനിന്റെ അളവ് എട്ടുശതമാനംവരെ വര്‍ധിക്കുകയും ദഹനക്ഷമത 50 ശതമാനംവരെ മെച്ചപ്പെടുകയും ചെയ്യും. വൈക്കോലിന്റെ നിറം മഞ്ഞയില്‍നിന്ന് തവിട്ടുനിറമായി മാറും. തീറ്റയ്ക്കായി ഉപയോഗിക്കുന്നതിന് മുമ്പ് സമ്പുഷ്ടീകരിച്ച വൈക്കോല്‍ അല്പനേരം തുറന്ന അന്തരീക്ഷത്തില്‍ വെക്കണം. യൂറിയയില്‍ നിന്നുണ്ടായിട്ടുള്ള അമോണിയ അമിത അളവിലാണെങ്കില്‍ ബാഷ്പീകരിച്ചുപോകുന്നതിനു വേണ്ടിയാണിത്.

സമ്പുഷ്ടീകരിച്ച വൈക്കോലിന്റെ അളവ് തീറ്റയുടെ 25 ശതമാനത്തില്‍ കവിയാന്‍പാടില്ല (10 കിലോ വരെ). പാലുത്പാദനത്തിനായി ഇവയെ ആശ്രയിക്കരുത്. ആവശ്യത്തിന് തീറ്റപ്പുല്ല്, കാലിത്തീറ്റ എന്നിവ ഉള്‍പ്പെടുത്തണം. വെള്ളം ധാരാളമായി നല്‍കണം. കാലിത്തീറ്റയുടെ അളവ് കുറയ്ക്കുന്നതിനും മിതമായതോതില്‍ ഊര്‍ജവും പ്രോട്ടീനും ലഭ്യമാക്കുന്നതിനും അയവെട്ടല്‍ ത്വരപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും സമ്പുഷ്ടീകരിച്ച വൈക്കോല്‍ സഹായിക്കും.

കുതിര്‍ത്ത് നല്‍കല്‍

ഏറ്റവും പ്രായോഗികവും വിലകുറഞ്ഞതുമായ രീതിയില്‍ വൈക്കോലിലെ പോഷകങ്ങളെ ഉപയോഗിക്കാനും അതിന്റെ ദഹനം വര്‍ധിപ്പിക്കാനുമുള്ള മാര്‍ഗം കുതിര്‍ത്ത് നല്‍കുന്നതാണ്. വൈക്കോല്‍ ചെറുകഷണങ്ങളാക്കി രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് പകല്‍ നല്‍കുന്നവിധമാണിത് (കഷണങ്ങളാക്കണമെന്നത് നിര്‍ബന്ധമല്ല). അതോടൊപ്പം ചെറിയതോതില്‍ വൈക്കോല്‍ പുഴുങ്ങുന്നത്, അതിന്റെ ദഹനക്ഷമത വര്‍ധിപ്പിക്കും.

Content Highlights: some tips for scientifically making use of straw in summer season

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented