Photo: Mathrubhumi Archives
പാഷന്‍ ഫ്രൂട്ട് കായ്കള്‍ പിടിച്ച് കുറച്ചുവലുതാകുമ്പോഴേക്കും ചുക്കിച്ചുളിഞ്ഞ് നശിച്ചുപോകുന്നു. എന്താണ് കാരണം? പ്രതിവിധിയെന്ത് ?
പാഷന്‍ ഫ്രൂട്ട് കായ്കള്‍ ചുക്കിച്ചുളിയുന്നത് പ്രധാനമായും പോഷകക്കുറവുകൊണ്ടാണ്. ഇത് എന്തോ രോഗലക്ഷണമാണെന്നുകരുതി പലരും മരുന്നുപയോഗം നടത്തും. വളപ്രയോഗത്തില്‍ നിര്‍ബന്ധമായും ശ്രദ്ധവെക്കണം. വീട്ടുവളപ്പില്‍ ഒന്നോ രണ്ടോ ചുവടുമാത്രം പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നവര്‍ ചാണകമോ ചാരമോ മറ്റെന്തെങ്കിലും ജൈവവളമോമാത്രം ആശ്രയിച്ചാകും വളംചേര്‍ക്കല്‍. എന്നാല്‍, നല്ല വളര്‍ച്ചയും വിളവും ഉണ്ടാകാന്‍ ജൈവവളംമാത്രം പോരാ. കുറച്ച് രാസവളവുംകൂടെ നല്‍കണം.
ഏറ്റവും കുറഞ്ഞത് രണ്ടുമാസംകൂടുമ്പോള്‍ 50 ഗ്രാം ഫാക്ടംഫോസും 20 ഗ്രാം പൊട്ടാഷും ചേര്‍ത്ത് വെള്ളത്തില്‍ കലക്കി നേര്‍പ്പിച്ച് തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് നന്നാകും. പ്രത്യേകിച്ച് വള്ളി പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സമയത്ത്. ഇങ്ങനെ ശരിയായ അളവില്‍ ചെടിക്ക് പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വിളകളുടെ ശരിയായ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രതികൂലമാണ് ഇപ്പോഴത്തെ കാലാവസ്ഥ. സദാ മൂടിക്കെട്ടിയ അന്തരീക്ഷം, ഇടവിട്ടുള്ള മഴ, സൂര്യപ്രകാശത്തന്റെ കുറവ് തുടങ്ങിയവയൊന്നും സസ്യവളര്‍ച്ചയ്ക്ക് അനുകൂലമല്ല.
അതിനാല്‍ വിളകളുടെ വളര്‍ച്ചയിലും കായപിടിത്തത്തിലും ഇപ്പോള്‍ അപാകങ്ങള്‍ സാധാരണമാണ്. ഈ സാഹചര്യം മാറി വെയിലും മറ്റും കിട്ടുമ്പോള്‍ വളരും. വിളവിലും വ്യത്യാസങ്ങള്‍ വരും. (പാഷന്‍ ഫ്രൂട്ടിന്റെ ശാസ്ത്രീയ വളപ്രയോഗശുപാര്‍ശ: വള്ളി ഒന്നിന് 10 കിലോ ജൈവവളം, വര്‍ഷം തോറും മഴക്കാലത്ത് രണ്ടുതവണയായി 220 ഗ്രാം യൂറിയ, 55 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 170 ഗ്രാം പൊട്ടാഷ് വളം. ചെടികളുടെ വേരുകള്‍ മണ്ണിന്റെ ഉപരിതലത്തോട് ചേര്‍ന്നാകയാല്‍ മണ്ണിളക്കാതെ വളം ചെയ്യാന്‍ ശ്രദ്ധിക്കണം. 100:10:1 എന്ന അനുപാതത്തില്‍ ജൈവവളം, വേപ്പിന്‍പിണ്ണാക്ക്, ട്രൈക്കോഡര്‍മ എന്നിവ ചേര്‍ത്ത് പരുവപ്പെടുത്തിയ ജൈവവളമിശ്രിതം ഉപയോഗിച്ചാല്‍ രോഗബാധകളും തടയാം). ശരിയായ പോഷണം ചെടിക്ക് നല്‍കിയിട്ടുവേണം മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ എന്നോര്‍ക്കുക.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Shrivelling in Passion Fruits and Common Problems with Growing Passion Fruits
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..