പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പയറിന്റെ ഇലകളില്‍ കാണുന്ന കറുത്ത പേനുകളെ എങ്ങനെ നിയന്ത്രിക്കാം. ചീരയില്‍ കാണുന്ന പുഴുക്കളെ എങ്ങനെ ഇല്ലാതാക്കാം?
പയര്‍ പേന്‍/മുഞ്ഞ ഇളംതണ്ടിലും പൂവിലും ഞെട്ടിലും കൈയിലും കൂട്ടംകൂടി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നു. കറുത്തനിറത്തിലാണ് ഇവ പറ്റിപ്പിടിച്ചിരിക്കുക. അതിവേഗം ഇവ പെറ്റുപെരുകും. തുടര്‍ന്ന് പൂവ് കൊഴിയും, കായ്കള്‍ ഉണങ്ങി കേടാകും. മുഞ്ഞയോടൊപ്പം ധാരാളം ഉറുമ്പുകളും പതിവുകാഴ്ചയാണ്. ഉറുമ്പുകളാണ് ഇവയെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് എത്തിക്കുന്നത്.
ഇവയെ നിയന്ത്രിക്കാന്‍ ദോഷരഹിതമായ വിവിധ മാര്‍ഗങ്ങളുണ്ട്. കഞ്ഞിവെള്ളം നേര്‍പ്പിച്ച് (ഒരു ലിറ്റര്‍ കഞ്ഞിവെള്ളം മൂന്നുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത്) ചെടിയില്‍ നന്നായി തളിക്കുക. തളിച്ച കഞ്ഞിവെള്ളം ഉണങ്ങിക്കഴിയുമ്പോള്‍ കഞ്ഞിവെള്ളത്തിന്റെ പാട തട്ടിക്കളഞ്ഞശേഷം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കണം. ഇതിനുപുറമേ നാറ്റപ്പൂച്ചെടി-സോപ്പ് മിശ്രിതം ഫലപ്രദമാണ്. രാവിലെ ചെടികളില്‍ ചാരം തൂകുന്നത് മുഞ്ഞകളെ നിയന്ത്രിക്കും. 150 ഗ്രാം കാന്താരി മുളക് 10 ലിറ്റര്‍ വെള്ളത്തില്‍ അരച്ചുകലക്കി അരിച്ച് ചെടിയില്‍ തളിക്കാം.
വെര്‍ട്ടിസീലിയം എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസം ഇടവിട്ട് തളിക്കുന്നതും നല്ലതാണ്. വേപ്പധിഷ്ഠിത കീടനാശിനികള്‍ ഏതെങ്കിലും നാലുമില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ചും തളിക്കാം. കുറച്ചുചെടികളേ ഉള്ളൂവെങ്കില്‍ ഒരു പഴയ ടൂത്ത് ബ്രഷോ പെയിന്റ് ബ്രഷോകൊണ്ട് വള്ളികളില്‍ പറ്റിയിരിക്കുന്ന മുഞ്ഞമൂട്ടകള്‍ തൂത്തു കളയാം. സ്‌പ്രേ ജെറ്റ് വഴി ശക്തിയായി വെള്ളം ചീറ്റുന്നതും മുഞ്ഞകളെ അകറ്റും. പയര്‍ചെടിയില്‍ പുളിയുറുമ്പുകളെ കയറ്റിവിട്ടും മുഞ്ഞകളെ അകറ്റാം. വേപ്പിന്‍കുരുസത്ത് അഞ്ചുശതമാനം വീര്യത്തില്‍ തളിക്കുന്നതും മുഞ്ഞനിയന്ത്രണത്തിന് ഉപകരിക്കും.
ചീരയില്‍ രണ്ടുതരം പുഴുക്കളെ കാണാം. ഇലകള്‍ കൂട്ടിയോജിപ്പിച്ച് അതിനുള്ളിലിരുന്ന് ഇലകള്‍ തിന്നുനശിപ്പിക്കുന്ന കൂടുകെട്ടിപ്പുഴുക്കളും ഇലകള്‍ തിന്നുനശിപ്പിക്കുന്ന ഇലതീനിപ്പുഴുക്കളും. പുഴുക്കളോടുകൂടി ഇലക്കൂടുകള്‍ നീക്കി നശിപ്പിക്കുക. തുടക്കത്തില്‍ത്തന്നെ അഞ്ചുശതമാനം വീര്യമുള്ള വേപ്പിന്‍കുരുസത്ത് തളിക്കുക. അല്ലെങ്കില്‍ രണ്ടുശതമാനം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കില്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ എന്നിവയിലൊന്ന് നാല്-അഞ്ച് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിക്കുക. വിളവെടുപ്പിനുശേഷമാണെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ തളിച്ചുകൊടുക്കണം.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Quick guide to insects and diseases of beans
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..