പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പലപ്രാവശ്യം കണിക്കൊന്നയുടെ വിത്തുകള്‍ പാകി. ഒന്നുപോലും മുളച്ചില്ല. എന്താണ് കാരണം ?
കണിക്കൊന്നയുടെ ഓരോ കായിലും വലുപ്പമനുസരിച്ചു 25 മുതല്‍ 100 വിത്തുകള്‍വരെ ഉണ്ടാകാം. ഏതാണ്ട് രണ്ടടി നീളമുള്ള കായ് നന്നായി വിളഞ്ഞുകഴിയുമ്പോള്‍ കറുത്ത ബ്രൗണ്‍ നിറമോ ഏതാണ്ട് കറുപ്പുനിറമോ ആകും. ഈയവസരത്തില്‍ കായ്കള്‍ ശബ്ദത്തോടെ കിലുക്കാനും കഴിയും. കായ്കള്‍ മൂപ്പായി എന്നതിന്റെ സൂചനയാണിത്. ഇതിന് ഏതാണ്ട് 10-12 മാസത്തെ വളര്‍ച്ച വേണ്ടിവരും. എന്നാല്‍, അധികവിളവാകുന്ന കായ്കള്‍ താനെ പൊട്ടിത്തെറിച്ച് വിത്തുകള്‍ പുറത്തുവരും. ഇവ മുളപ്പിക്കാന്‍ നന്നല്ല. രോഗകീടബാധകളൊന്നുമില്ലാത്ത കായ്കളില്‍നിന്നേ വിത്തുകള്‍ പാകാന്‍ എടുക്കാവൂ. അതേപടി പാകിയാല്‍ മുളയ്ക്കില്ല.
ഇളംചൂടുള്ള വെള്ളത്തില്‍ വിത്തുകള്‍ കഴുകി പുറമേ പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ നീക്കണം. വിത്തിന്റെ കട്ടിയുള്ള പുറംതോട് ദുര്‍ബലപ്പെടുത്തിയാലേ അത് മുളയ്ക്കൂ. ഈ കാഠിന്യമാണ് വിത്തുകള്‍ മുളയ്ക്കാന്‍ തടസ്സമുണ്ടാക്കുന്നത്. ഇതിന് വിത്തിന്റെ അരികുകള്‍ ഒരു മിനുസമുള്ള അരത്തില്‍ മൃദുവായി രാകണം. ഇങ്ങനെ ചെയ്യുമ്പോള്‍ പുറംതോടില്‍ ദ്വാരം വീഴാന്‍ പാടില്ല. ഇനി വിത്തുകള്‍ 24 മണിക്കൂര്‍ തണുത്ത വെള്ളത്തില്‍ മുക്കിയിടുക. വേനല്‍ക്കാലമാണ് വിത്ത് പാകാന്‍ ഉത്തമം. ചെറിയ ചട്ടിയില്‍ പോട്ടിങ് മിശ്രിതം നിറച്ച് അതില്‍ 2.5 സെന്റീ മീറ്റര്‍ ആഴത്തില്‍ വിത്തുകള്‍ പാകാം.
പീറ്റ്‌മോസും പെര്‍ലൈറ്റും അല്പം മണലും കലര്‍ത്തിയതാണ് പോട്ടിങ് മിശ്രിതം. മിശ്രിതത്തിന്റെ മുകള്‍ഭാഗത്തു മിതനനവ് മതി എന്നോര്‍ക്കുക. ഇത്രയും ശ്രമകരമായ രീതിക്കു പകരം കണിക്കൊന്നയുടെ പതിവെച്ച തൈകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഫാമുകളിലും കൃഷിവകുപ്പിന്റെ കൃഷിത്തോട്ടങ്ങളിലും കിട്ടും. വിത്തുതൈകള്‍ വളര്‍ന്നു പുഷ്പിക്കാന്‍ 8-10 വര്‍ഷം എടുക്കുമ്പോള്‍ പതിവെച്ച തൈകള്‍ അത്രയും കാലതാമസമില്ലാതെ പൂ പിടിക്കും.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Propagating Kanikkonna Golden shower tree
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..