പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വീട്ടുവളപ്പില്‍ മാതളത്തിന്റെ ചെടി ഏഴെട്ടു വര്‍ഷമായുണ്ട്. എല്ലാ വര്‍ഷവും ഏപ്രില്‍-ജൂണ്‍ കാലത്തു പൂക്കുകയും കായ്ക്കുകയും ചെയ്യും. അവ പൂര്‍ണമായി വിളയുന്നതിനു മുന്നേ പൊട്ടി കറുത്തുപോകുന്നതായി കാണുന്നു. ഇതിന് കാരണവും പരിഹാരവും എന്താണ് ?
മാതളത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഒരവസ്ഥയാണ് കായ്കളുടെ വിണ്ടുകീറല്‍. ഇതൊരു രോഗമെന്ന് പറയാന്‍ കഴിയില്ല. മണ്ണിലെ നനവിന്റെ കുറവ്, പരിസ്ഥിതി ഘടകങ്ങള്‍, പോഷകക്കുറവ് എന്നിവയാണ് ഇതിന് മുഖ്യകാരണങ്ങള്‍. ഇങ്ങനെയുണ്ടാകുന്ന വിള്ളലുകളിലൂടെ പിന്നീട് കുമിള്‍-ബാക്റ്റീരിയല്‍ ഉപദ്രവം ഉണ്ടായി കായ്കള്‍ പൂര്‍ണമായി നശിക്കാം.
ഇത്തരം മാതളത്തിന് വിപണിയും ഇല്ല. കഴിക്കാനും നന്നല്ല. നല്ല മഴയ്‌ക്കോ തുടര്‍ച്ചയായ നനയ്ക്കലിനോ ശേഷം മണ്ണ് തീരെ ഉണങ്ങുന്നത് കായ് വിണ്ടു കീറലിനിടയാക്കും. മറ്റൊരു കാരണം സൂക്ഷ്മ മൂലകമായ ബോറോണിന്റെ കുറവാണ്. കാത്സ്യം, പൊട്ടാസ്യം എന്നിവയുടെ കുറവും ഇതിനിടയാക്കാം. ചെറിയ കായ്കളാണ് വിണ്ടുകീറുന്നതെങ്കില്‍ അത് ബോറോണിന്റെ കുറവ് നിമിത്തവും വലിയ കായ്കളെങ്കില്‍ മിക്കവാറും ജലലഭ്യതയിലെ പോരായ്മകളുമാണ് കാരണം എന്ന് വിലയിരുത്തുന്നു.
സമൃദ്ധമായി ജൈവവളം ചേര്‍ക്കുന്നത്-പ്രത്യേകിച്ച് കായ്കളുടെ വളര്‍ച്ചാ ദശയില്‍-കായ് വിണ്ടുകീറല്‍ കുറയ്ക്കും. കായ്കള്‍ മൂക്കുന്നതിന് 30-40 ദിവസം മുമ്പ് ബോറാക്‌സ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി മരത്തിലും കായ്കളിലും വീഴുംവിധം തളിക്കാം. ചെടിത്തടത്തില്‍ കുറഞ്ഞത് മൂന്ന് ഇഞ്ച് കനത്തില്‍ ജൈവപ്പുതയിടണം. കായ്കളുടെ വളര്‍ച്ചാവേളയില്‍ ഒരേപോലെ നനയ്ക്കാന്‍ ശ്രദ്ധിക്കുക. കഴിയുമെങ്കില്‍ ചെടി പുഷ്പിക്കുന്നതുമുതല്‍ വിളവെടുപ്പുവരെ ഇത് ഒരേ തോതില്‍ തുടരുക. മൂന്നാഴ്ച കൂടുമ്പോള്‍ തടത്തില്‍ മണ്ണിരക്കമ്പോസ്റ്റ് ചേര്‍ക്കുക. 15-20 കിലോ കാലിവളം മരമൊന്നിന് എന്ന തോതില്‍ തടത്തിലിട്ട് മൂടുക.
കൂടാതെ 150 ഗ്രാം വാം എന്ന പ്രകൃതിസൗഹൃദ ജൈവവളവും നല്‍കാം. ഇവയൊക്കെ നല്ല വിളവുതരും. കൂടാതെ കായ്കളുടെ വിണ്ടുകീറലും ഒഴിവാക്കും. ഇതര സംസ്ഥാനങ്ങളിലെ മാതളത്തിന്റെ വാണിജ്യത്തോട്ടങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കി ഒരുപോലെയുള്ള വിളവ് കിട്ടാന്‍ കര്‍ഷകര്‍ പഞ്ചാമൃതം നല്‍കുന്ന പതിവുണ്ട്. ഗോമൂത്രം, ചാണകം, ശര്‍ക്കര, ധാന്യപ്പൊടി എന്നിവ കലര്‍ത്തിയാണ് ഇത് തയ്യാറാക്കുന്നത്.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Pomegranate Farming, Planting, Care, Harvesting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..