വെണ്ടച്ചെടി | ഫോട്ടോ; മാതൃഭൂമി
ആരോഗ്യത്തോടെ വളരുന്നതും കായ്ക്കാന്‍ തുടങ്ങുന്നതുമായ വെണ്ടയുടെ ഓരോ ഇലകളായി വാടിപ്പോകുന്നു. വാടിയ ഇലയുടെ തണ്ടുകള്‍ കീറി നോക്കിയാല്‍ പച്ച നിറമുള്ള പുഴുക്കള്‍ കാണാം. ഈ രോഗം വരാതിരിക്കാന്‍ പ്രതിവിധി എന്ത്?. ബോര്‍ഡോ മിശ്രിതം കടയ്ക്കല്‍ ഒഴിക്കുന്നത് ഗുണം ചെയ്യുമോ? വെണ്ടയിലയുടേത് പരുപരുത്ത അടിവശമായതിനാല്‍ ഇലചുരുട്ടി പുഴുക്കള്‍ വലിയ ഉപദ്രവം ചെയ്യുന്നു. വേപ്പെണ്ണ അനുബന്ധ കീടനാശിനി പരിഹാരമാണോ?
കായും തണ്ടും തുരക്കുന്ന പുഴുവും ഇലചുരുട്ടിപ്പുഴുവും ഒക്കെ വെണ്ടയുടെ നിത്യശത്രുക്കളാണ്. കായും തണ്ടും തുരക്കുന്ന പുഴുക്കള്‍ ഇളംതണ്ടുകള്‍ തുരക്കുന്നതിനാല്‍ തണ്ട് വാടുകയും ക്രമേണ കരിഞ്ഞുണങ്ങുകയും ചെയ്യും. തുടര്‍ന്ന് കായ്കളും തുരക്കും. കായ്കള്‍ വളയും. ബോര്‍ഡോ മിശ്രിതം കുമിള്‍നാശിനിയാകയാല്‍ അത് പ്രായോഗിച്ചിട്ട് കാര്യമില്ല.
വിത്ത് പാകി രണ്ടാഴ്ച കഴിയുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ പൊടിച്ചു ചേര്‍ക്കുന്നത് പുഴുബാധ പ്രതിരോധിക്കും. പുഴു കുത്തിയ തണ്ടും കായ്കളും മുറിച്ചു നീക്കുക; ഉപദ്രവം കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ അഞ്ച് ശതമാനം വീര്യത്തിലുള്ള വേപ്പിന്‍കുരു സത്ത് ലായനി തളിക്കുക; 'ബിവേറിയ ബാസിയാന' കള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക; വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കുന്നതും ഗുണം ചെയ്യും.
ആവശ്യമെന്ന് തോന്നുന്നെങ്കില്‍ മാത്രം താത്പര്യമുള്ളവര്‍ക്ക് രാസകീടനാശിനി പ്രയോഗശുപാര്‍ശ ഇങ്ങനെ: ക്വിനാല്‍ഫോസ് 25 ഇ.സി. രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ഫ്‌ലൂബെന്‍ഡയാമെഡ് 2.5 ഗ്രാം അല്ലെങ്കില്‍ ക്‌ളോറാന്‍ട്രാനിലിപ്രോള്‍ മൂന്ന് മില്ലി പത്തു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുക. ഇവിടെ ശ്രദ്ധിക്കാനുള്ളത് മരുന്ന് തളിച്ച് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും കഴിഞ്ഞു മാത്രമേ വിളവെടുക്കാവൂ എന്നതാണ്.
ഇലചുരുട്ടി പുഴുക്കളെ നിയന്ത്രിക്കാനും വേപ്പിന്‍കുരു സത്ത് ലായനി മതിയാകും. ഇലച്ചുരുളുകള്‍ നീക്കം ചെയ്യണം. ബിവേറിയ ബാസിയാന തളിക്കുകയും ചെയ്യാം. ജൈവകീടനാശിനി പ്രയോഗത്തില്‍ ശ്രദ്ധിക്കാന്‍ ഒരു പ്രധാനകാര്യം അവ പ്രതിരോധമായി പ്രയോഗിക്കണം എന്നതാണ്. കീടബാധയ്ക്കായി കാത്തുനില്‍ക്കരുത്. കീടബാധ രൂക്ഷമായാല്‍ പിന്നെ ജൈവകീടനാശിനി പ്രയോഗം അത്ര ഫലപ്രദമായി എന്ന് വരില്ല. മുന്‍കൂട്ടിയുള്ള പ്രയോഗം കീടബാധ തടഞ്ഞു നിര്‍ത്തും. പൂര്‍ണഫലം കിട്ടാനും അതാണ് നല്ലത്.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Best Tips For Farmers, Pest Management in Okra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..