പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
ഓല ചീയല്‍ : നാമ്പോലയിലെ ഓലക്കാലുകളില്‍ തിളച്ചവെള്ളം വീണതുപോലുള്ള പുള്ളികളാണ് ആദ്യ ലക്ഷണം. ഓല വിരിയുമ്പോള്‍ ചീഞ്ഞഭാഗങ്ങള്‍ ഉണങ്ങി കാറ്റില്‍ പറന്നുപോകുകയും ഈര്‍ക്കില്‍മാത്രം അവശേഷിക്കുകയുംചെയ്യുന്നു.
നിയന്ത്രണം: ഹെക്‌സ കൊണാസോള്‍ എന്ന കുമിള്‍നാശിനി മൂന്നു മില്ലീലിറ്റര്‍ 300 മില്ലീലിറ്റര്‍ വെള്ളത്തില്‍ കലക്കി രോഗബാധയുള്ള ഭാഗങ്ങള്‍ വെട്ടിനശിപ്പിച്ചശേഷം ഒഴിച്ചുകൊടുക്കുക. ഏപ്രില്‍-മേയ് മാസത്തിലാണ് ഇതുചെയ്യേണ്ടത്. അല്ലെങ്കില്‍ സ്യൂഡോമോണസ് ഫ്‌ലൂറസെന്‍സ് എന്ന മിത്ര ജീവാണുവളത്തിന്റെ ടാല്‍ക്ക് മിശ്രിതം 50 ഗ്രാം അരലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് നാമ്പോലക്കവിളുകളില്‍ വീഴുന്നവിധത്തില്‍ ഒഴിച്ചുകൊടുക്കുക.
കൊമ്പന്‍ ചെല്ലി: തെങ്ങിന്‍തൈകളില്‍ കണ്ടുവരുന്ന കീടമാണിത്. വിരിഞ്ഞുവരുന്ന നാമ്പോലകള്‍ ത്രികോണാകൃതിയില്‍ കാണുന്നതും മടലില്‍ ദ്വാരങ്ങള്‍ ഉണ്ടാകുന്നതും പ്രധാന ലക്ഷണങ്ങളാണ്.
നിയന്ത്രണം: ചെല്ലിക്കോല്‍ ഉപയോഗിച്ച് ചെല്ലിയെ കുത്തിയെടുത്ത് നശിപ്പിക്കുക. ചെല്ലിയെ പ്രതിരോധിക്കാന്‍ 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, മരോട്ടി പിണ്ണാക്ക് എന്നിവ തുല്യ അളവില്‍ മണലും ചേര്‍ത്ത് നാമ്പോല കവിളുകളില്‍ ഇടുക. 12 ഗ്രാം വീതമുള്ള പാറ്റഗുളിക ഒരു തെങ്ങിന് നാലെണ്ണം എന്ന കണക്കിന് ഇട്ട് കൂമ്പിലകള്‍ക്കുചുറ്റും മണല്‍കൊണ്ട് മൂടുക. 45 ദിവസം കൂടുമ്പോള്‍ ആവര്‍ത്തിക്കുക.
ചാണകക്കുഴികളിലും വണ്ടിന്റെ മറ്റു പ്രജനനസ്ഥലങ്ങളിലും മെറ്ററൈസിയം എന്ന ജൈവ കുമിള്‍നാശിനി 250 ഗ്രാം 750 മില്ലീലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കുക.
ചെമ്പന്‍ ചെല്ലി : തെങ്ങിന്റെ തടിയില്‍ക്കാണുന്ന ദ്വാരങ്ങള്‍, അതില്‍ക്കൂടി പുറത്തേക്കുവരുന്ന അവശിഷ്ടങ്ങള്‍, കറുത്തുകൊഴുത്ത ദ്രാവകം, ഒടിഞ്ഞുതൂങ്ങിക്കിടക്കുന്ന പുറംമടലുകള്‍, മടലിന്റെ കവിള്‍ഭാഗത്ത് കാണുന്ന വിള്ളലുകള്‍, ഓലമഞ്ഞളിപ്പ് തുടങ്ങിയവയാണ് ആക്രമണലക്ഷണങ്ങള്‍
നിയന്ത്രണം: തെങ്ങിന്‍തടിയില്‍ മുറിവുകള്‍ വരാതെ നോക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ തടിയിലുണ്ടാക്കിയ ദ്വാരങ്ങള്‍ സിമന്റ് അല്ലെങ്കില്‍ ചെളിയുപയോഗിച്ച് അടച്ചശേഷം മുകളിലത്തെ ദ്വാരത്തിലൂടെ ചോര്‍പ്പ് ഉപയോഗിച്ച് ഇമിഡക്ലോപ്രിഡ് 17.8 എസ്.എല്‍ ഒരു മില്ലീലിറ്റര്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചുകൊടുക്കുക.
തെങ്ങിനെക്കുറിച്ച് വിശദമായി അറിയാന്‍: 0471 2400621, 9446283898.
(കേരള കാര്‍ഷികസര്‍വകലാശാല നാളികേര ഗവേഷണകേന്ദ്രം മേധാവിയാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..