മുരിങ്ങ
വരണ്ട കാലാവസ്ഥയില്‍ പൂക്കാനും കായ് പിടിക്കാനും ഇഷ്ടപ്പെടുന്ന വിളയാണ് മുരിങ്ങ. മുരിങ്ങ വേണ്ടവിധം കായ് പിടിക്കാത്തതിന് പരിചരണത്തിലെ ചില പോരായ്മകളും കാരണമാകും. ഉഷ്ണകാല വിളയാണ് മുരിങ്ങ. ശരിയായ വളര്‍ച്ചയ്ക്കും കായ് പിടിത്തത്തിനും വളക്കൂറുള്ള വളര്‍ച്ചാമാധ്യമം വേണം. ഇതിന് നന്നായി വളം ചെയ്യണം. ഒപ്പം നനവ് കുറയ്ക്കുകയും വേണ്ട വിധം ശിഖരങ്ങള്‍ മുറിച്ചു വളര്‍ച്ച നിയന്ത്രിക്കുകയും വേണം. ഇവ മൂന്നും ഒത്തുചേര്‍ന്നാല്‍ മുരിങ്ങ ധാരാളം പൂക്കുകയും കായ്ക്കുകയും ചെയ്യും.
10 കിലോ ചാണകപ്പൊടി, ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്, അര കിലോ രാജ്ഫോസ് അല്ലെങ്കില്‍ മസൂറിഫോസ്, ഒരു കിലോ ചാരം എന്നിവ കലര്‍ത്തിയ വളമിശ്രിതം മുരിങ്ങയൊന്നിന് അഞ്ച് ചിരട്ട വീതം തടത്തില്‍ ചേര്‍ത്തിളക്കുക. മൂന്ന് മാസം കൂടുമ്പോള്‍ ഈ വളക്കൂട്ട് ആവര്‍ത്തിക്കാം. മരമൊന്നിന് ഏഴ് കിലോ കാലിവളത്തോടൊപ്പം 100 ഗ്രാം യൂറിയയും ചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. തടത്തില്‍ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി വേണം വളം ചേര്‍ക്കാന്‍. കൂടാതെ കടലപ്പിണ്ണാക്ക് കുതിര്‍ത്തത്, ചാണകത്തെളി, ബയോഗ്യാസ് സ്ലറി തുടങ്ങിയവയും ഇടയ്ക്ക് നല്‍കാവുന്ന ജൈവവളങ്ങളാണ്. വളം ചേര്‍ക്കും മുന്‍പ് ഡോളോമൈറ്റ് ചേര്‍ക്കാം.
മരമൊന്നിന് 10 കിലോ കോഴിവളം ചേര്‍ക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. ഇത് വളപ്രയോഗത്തിന്റെ കാര്യം. മഴക്കാലത്ത് വളം ചേര്‍ക്കുകയാണ് നന്ന്. വേനലായാല്‍ വെള്ളം ഒഴിക്കരുത്. പ്രത്യേകിച്ച് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍. കാരണം, ആ സമയത്താണ് മുരിങ്ങ പൂക്കുക. പിന്നെ വളര്‍ച്ച നിയന്ത്രിക്കാന്‍ കൊമ്പു കോതുക. 25-30 ഡിഗ്രി സെല്‍ഷ്യസ് ചൂടും വളരെ കുറച്ചു മാത്രം വെള്ളവും ഉള്ളത് മുരിങ്ങ പൂക്കാന്‍ സഹായകമായ ഘടകങ്ങളാണ്.
ചെടി മൂന്നടി ഉയര്‍ന്നാല്‍ ഒന്നര വര്‍ഷം ആകുമ്പോള്‍ തന്നെ പരമാവധി നാലോ അഞ്ചോ ശിഖരങ്ങള്‍ മാത്രം വളരാന്‍ അനുവദിക്കുക. ബാക്കിയെല്ലാം മുറിച്ചു നീക്കണം. ശരിയായ കൊമ്പു കോതല്‍, വളരെ കുറച്ചു മാത്രം ജീവന്‍ നിലനിര്‍ത്താന്‍ നന, അത്യാവശ്യ വളം ചേര്‍ക്കല്‍ - ഇത് മൂന്നുമാണ് മുരിങ്ങ പൂക്കാനും കായ്ക്കാനും നല്ലത്.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Moringa Plant Care
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..