കപ്പ | ഫൊട്ടൊ: പി. പ്രമോദ് കുമാർ മാതൃഭൂമി
ചേമ്പിലകള്‍ പഴുത്തുപോകുന്നു. കപ്പയിലകള്‍ വല്ലാതെ ചുരുളുകയും ചെയ്യുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലമല്ല. പരിഹാരമെന്താണ്?
ചേമ്പിന് സാധാരണ പിടിപെടുന്ന കുമിള്‍രോഗമാണ് ഇലപഴുക്കല്‍. നിയന്ത്രിക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം, മാങ്കോസെബ് അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് അടങ്ങിയ ഏതെങ്കിലും കുമിള്‍നാശിനി രണ്ടുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലര്‍ത്തി തളിച്ചാല്‍ മതി.
രോഗബാധയില്ലാത്ത വിത്തുകള്‍മാത്രം നടുക. ചേമ്പിന്റെ പുതിയ വിത്തിനങ്ങള്‍ക്ക് ഈ കുമിള്‍ബാധ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ശ്രീപല്ലവി, ശ്രീരശ്മി, ശ്രീകിരണ്‍, മുക്തകേശി തുടങ്ങിയവയാണ് മികച്ച ഇനങ്ങള്‍. ഇതില്‍ ശ്രീപല്ലവി ഇലചീയല്‍ രോഗം ചെറുക്കാന്‍ ശേഷിയുള്ളതാണ്. മുക്തകേശിയും ഇതേ ഗുണമുള്ളതു തന്നെ. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനമാണ് ഇവ പുറത്തിറക്കിയത്. ഇവ നട്ടാല്‍ രോഗബാധ ഒഴിവാക്കാം.
കപ്പയിലകള്‍ ചുരുളുന്നത് മൊസൈക് എന്ന വൈറസ് രോഗമാണ്. ഈ രോഗം പരത്തുന്ന വെള്ളീച്ചകളെ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്. ഇതിന് 'നിംബിസിഡിന്‍' പോലുള്ള വേപ്പധിഷ്ഠിത കീടനാശിനികള്‍ രണ്ടുമില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക. രണ്ടുശതമാനം വെളുത്തുള്ളി എമല്‍ഷന്‍ തളിക്കുക. പശയോ ആവണക്കെണ്ണയോ പുരട്ടിയ മഞ്ഞക്കെണി തോട്ടത്തില്‍ വെക്കുക.
രോഗപ്രതിരോധ ശേഷിയുള്ള എച്-97, ശ്രീ പദ്മ, ശ്രീ സഹ്യ തുടങ്ങിയ ഇനങ്ങള്‍ നടുക. രോഗവിമുക്തമായ കമ്പുകള്‍ മാത്രം നടാനെടുക്കുക. കമ്പു നടുമ്പോള്‍ കുറച്ചു കുമ്മായം മണ്ണില്‍ചേര്‍ക്കുന്നത് നല്ലതാണ്. ഇക്കോഷോപ്പുകളില്‍ നിന്ന് ലഭ്യമാകുമെങ്കില്‍ വെര്‍ട്ടിസിലിയം ലക്കാനി, ബിവേറിയ ബാസിയാന തുടങ്ങിയ കീടനശീകരണ ശേഷിയുള്ള സൗഹൃദകുമിള്‍നാശിനികള്‍ തളിക്കുന്നതും ഗുണംചെയ്യും.
തയ്യാറാക്കിയത് : സുരേഷ് മുതുകുളം
Content Highlights: Identification and Control of Diseases in Tapioca and Taro Root
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..