പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വീട്ടുപറമ്പില്‍ മൂന്നു മാവുണ്ട്. ഒരെണ്ണം കഴിഞ്ഞ വര്‍ഷം ചെറിയ തോതില്‍ പൂക്കുകയും കായ്ക്കുകയും ചെയ്തു. രണ്ടെണ്ണം ഇതേവരെ പൂക്കുന്നതേയില്ല. മാവിന് ഒരു ഹോര്‍മോണ്‍ പ്രയോഗം ഉള്ളതായി അറിഞ്ഞു. ഇത് ഫലപ്രദമാണോ? എങ്ങനെയാണ് പ്രയോഗരീതി?
പൂക്കാത്ത മാവ് പുഷ്പിക്കാന്‍ ഹോര്‍മോണ്‍പ്രയോഗം ഫലപ്രദമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയും ഇത് ശുപാര്‍ശ ചെയ്യുന്നു. 'പാക്ക്‌ളോ ബ്യുട്രസോള്‍' എന്ന രാസഘടകം അടങ്ങിയ 'കള്‍ടാര്‍' എന്ന ഹോര്‍മോണ്‍ ആണ് ഇതിനുപയോഗിക്കുന്നത്. പാക്ക്‌ളോ ബ്യുട്രസോള്‍ എന്നത് ചെടികളുടെ കായികവളര്‍ച്ച മന്ദീഭവിപ്പിക്കാന്‍ കഴിവുള്ള ഒരു കുമിള്‍നാശിനി ആണ്. അതാണ് മാവുകള്‍ പുഷ്പിക്കാന്‍ ഉപയോഗിക്കുന്നതും. സാധാരണ 10 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള മാവിലാണ് കള്‍ടാര്‍ പ്രയോഗിക്കുന്നത്.
ഒരു മാവിന് 20 മില്ലി കള്‍ടാര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലാണ് ലായനി തയ്യാറാക്കേണ്ടത്. ഈ ലായനി മാവില്‍ പ്രയോഗിക്കുന്നതിനു മുന്‍പായി ചില പ്രധാനകാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. മാവിന്റെ ശിഖരങ്ങള്‍ ഒന്ന് കോതിയതിനുശേഷം മുറിവായില്‍ ബോര്‍ഡോ കുഴമ്പോ സ്യൂഡോമൊണാസോ പേസ്റ്റ് ആയി തേച്ചു പിടിപ്പിക്കണം. ഇതിനുശേഷം വേണം കള്‍ടാര്‍ പ്രയോഗം. ഇനി മാവിന്‍ തടം വൃത്തിയാക്കണം.
മാവിന്‍ചുവട്ടില്‍നിന്നും രണ്ടടി അകലത്തിലായി അര അടി ആഴമുള്ള ചാലെടുക്കണം. ഈ ചാലില്‍ നാലുഭാഗത്തായി കുറച്ചുകൂടെ ആഴമുള്ള കുഴിയെടുക്കണം. ഇതിനിടയില്‍ അവിടവിടെയായി എട്ടോ പത്തോ കുഴികള്‍ കുത്തണം. ഈ കുഴികളില്‍ കള്‍ടാര്‍ ലായനി കുറേശ്ശെയായി ഒഴിച്ച് കൊടുക്കുക. ഇതിനുശേഷം കുഴികള്‍ മണ്ണിട്ട് മൂടാം. ഇങ്ങനെ ചെയ്യുമ്പോള്‍ തടത്തില്‍ നനവ് നിലനിര്‍ത്തണം. രണ്ടുമൂന്ന് മാസത്തിനുള്ളില്‍ മാവ് പൂവിട്ടു തുടങ്ങും.
പൂക്കാത്ത മാവുകള്‍, വളരെ കുറച്ചു മാത്രം പൂക്കുന്ന മാവുകള്‍, കാര്യമായി വിളവ് തരാത്ത മാവുകള്‍ എന്നിവയ്ക്കെല്ലാം ഒറ്റമൂലിയാണ് കള്‍ടാര്‍ പ്രയോഗം. മാവ് പൂക്കുന്നതിനുള്ള ഒരുറപ്പാണ് കള്‍ടാര്‍ പ്രയോഗം. ഇത് ചെയ്യുന്ന സമയത്ത് മഴ ഇല്ലെങ്കില്‍ പൂക്കുന്നത് വരെയും 12 -15 ദിവസം കൂടുമ്പോള്‍ നനയ്ക്കാനും ശ്രദ്ധിക്കണം.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: How To Use Flowering Hormone Application In Mango Tree
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..