'ഗമോസിസ്' രോഗം ബാധിച്ച മാവ് | ഫോട്ടോ: മാതൃഭൂമി
വീട്ടുമുറ്റത്ത് അധികം പഴക്കമില്ലാത്ത ഒരു പ്രിയോര്‍ മാവുണ്ട്. ഇതിന്റെ കടയ്ക്കല്‍നിന്ന് കാപ്പിനിറത്തില്‍ പശദ്രാവകം കുറച്ചുദിവസമായി വന്നുകൊണ്ടിരിക്കുന്നു. ഇത് രോഗമാണോ? പശ വരുന്നതിനാല്‍ മാവ് കടയ്ക്കല്‍വെച്ച് ഒടിഞ്ഞുവീഴുമോ? ഇതുമാറ്റാന്‍ എന്തുചെയ്യണം ?
മാവിന്റെ കറചാട്ടം 'ഗമോസിസ്' എന്നുപേരായ കുമിള്‍രോഗമാണ്. ചോദ്യത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, തടിയിലുണ്ടാകുന്ന വിള്ളലുകളിലൂടെ ബ്രൗണ്‍ നിറത്തില്‍ പശദ്രാവകം തുള്ളികളായി ഊറിവരുന്നതാണ് തുടക്കം. യഥാസമയം നിയന്ത്രിച്ചില്ലെങ്കില്‍ മാവിന്റെ പ്രതലം മുഴുവന്‍ ഇത് വ്യാപിച്ച് പുറംതൊലി പൊട്ടി വെടിച്ചുകീറി കറ ഒലിച്ച് തടി പൂര്‍ണമായി ഉണങ്ങി മാവുതന്നെ നശിക്കും. നീര്‍വാര്‍ച്ച കുറഞ്ഞ മണ്ണില്‍ കാണുന്നതിനാല്‍ നീര്‍വാര്‍ച്ച ഉറപ്പാക്കുക പ്രധാനം.
തുടര്‍ന്ന് പശ കാണുന്ന നിറംമാറ്റം സംഭവിച്ചഭാഗം ചെത്തിവൃത്തിയാക്കണം. ഇങ്ങനെ മാറ്റുമ്പോള്‍ ഉള്ളില്‍ ആരോഗ്യമുള്ള തടി കാണുംവിധംവേണം വൃത്തിയാക്കാന്‍. ഇവിടം നനവുമാറി ഉണങ്ങാന്‍ അനുവദിക്കുക. ഇനി ബോര്‍ഡോകുഴമ്പോ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് മൂന്നുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ മിശ്രിതമോ കൊണ്ട് നന്നായി തേച്ചുപിടിപ്പിക്കുക. ഡിസംബര്‍മുതല്‍ ജനുവരിവരെയുള്ള മാസങ്ങളിലാണ് ഇത് കൂടുതല്‍ എന്നതിനാല്‍ ഇക്കാലത്ത് ഇതുചെയ്യുന്നത് ഏറെ ഫലപ്രദമാണ്. മറ്റൊരു കാര്യം ഇതിന്റെ തുടക്കംതന്നെ തിരിച്ചറിയുക എന്നതാണ്.
പ്രത്യേകിച്ച് മഴയ്ക്കുമുമ്പുള്ള സമയം മാവിന്റെ അടിഭാഗം വൃത്തിയാക്കി (താഴെനിന്ന് 45-60 സെന്റീമീറ്റര്‍ ഉയരം വരെ) അവിടെയാകെ ബോര്‍ഡോ കുഴമ്പ് പെയിന്റുചെയ്യുന്നതുപോലെ തേച്ചുപിടിപ്പിക്കുക എന്നതാണ്. ഇതൊരു മികച്ച പ്രതിരോധനടപടിയാണ്. രോഗലക്ഷണം കാണിക്കുന്ന ശിഖരം രണ്ടിഞ്ചുതാഴെവെച്ച് ഒപ്പം ബോര്‍ഡോ മിശ്രിതമോ കോപ്പര്‍ ഓക്‌സി ക്ലോറൈഡോ മാവാകെ സ്പ്രേ ചെയ്യുന്നതും നല്ലതാണ്.
സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി പ്രതിരോധമായും മാവില്‍ തളിക്കാം. മരുന്നുതളിയും മറ്റും മഴയ്ക്കുമുമ്പും പിമ്പും ഒന്നോ രണ്ടോ മാസം ഇടവിട്ട് നിരന്തരംചെയ്താല്‍ ഇത്തരം കുമിള്‍രോഗങ്ങളെ ഫലവത്തായി നിയന്ത്രിക്കാന്‍ കഴിയും. ചിലസ്ഥലങ്ങളില്‍ മാവിന്‍തടത്തില്‍, പ്രത്യേകിച്ച് മണല്‍മണ്ണ് കൂടുതലുള്ള സ്ഥലങ്ങളില്‍ 500 ഗ്രാം കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്) തടത്തില്‍ മാവിനുചുറ്റുമായി ചേര്‍ക്കുന്നതായും ശുപാര്‍ശയുണ്ട്.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: How To Treat Gummosis in Mango Tree
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..