മുരിങ്ങ
വീട്ടിലും പരിസരത്തുള്ള വീടുകളിലും മുരിങ്ങയിലകള്‍ തളിര്‍ത്തുമുറ്റി വരുന്നതിനോടൊപ്പം പഴുത്തു മഞ്ഞളിച്ചു പോകുന്നു. ഇലകള്‍ പൊഴിഞ്ഞു കൊമ്പുകള്‍ മാത്രമായി നില്‍ക്കുന്നു. ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ ഇതാണവസ്ഥ. പൂക്കളും കൊഴിയാറുണ്ട്. ഇതു കാരണം കായ്ഫലം കിട്ടുന്നില്ല. കാരണം എന്താണ് ? പ്രതിവിധിയുണ്ടോ ?
വളരെ പ്രത്യേകതകളുള്ള വിളയാണ് മുരിങ്ങ. വരള്‍ച്ചയോടാണ് മുരിങ്ങയ്ക്കു പ്രിയം. വരള്‍ച്ചകാലത്തു സര്‍വ ഇലകളും പൊഴിച്ച് സസ്യസ്വേദനം വഴിയുള്ള ജലനഷ്ടം കുറയ്ക്കാന്‍ മുരിങ്ങ ശ്രമിക്കും. ഈ ഘട്ടത്തില്‍ പൂക്കളും പൊഴിയാറുണ്ട്. പരപരാഗണവിളയായതിനാല്‍ പരാഗണം നടക്കാത്ത പൂക്കള്‍ കൊഴിയുകയും ചെയ്യും. മാത്രമല്ല മണ്ണില്‍ ഏതാണ്ട് 20-30 ദിവസം വരെ നീളുന്ന ജലദൗര്‍ലഭ്യം മുരിങ്ങയില്‍ പൂക്കളുണ്ടാകാന്‍ അത്യാവശ്യമാണെന്നും കണ്ടിട്ടുണ്ട്.
ഈ അവസരത്തിലാണ് മുരിങ്ങയുടെ കായികവളര്‍ച്ച കുറഞ്ഞു പൂമൊട്ടുകള്‍ ഉണ്ടാകാന്‍ തുടങ്ങുന്നത്. എങ്കിലും ജലദൗര്‍ലഭ്യത്തിന്റെ ദോഷം ഉണ്ടാകാതിരിക്കാന്‍ കൃഷിയിടത്തിന്റെ സ്വഭാവം അനുസരിച്ചു 7-10 ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. നന അമിതമായാലും ഇലകള്‍ മഞ്ഞളിക്കും എന്നോര്‍ക്കുക. മിതനന പൂകൊഴിച്ചില്‍ കുറയ്ക്കും. കായ്പിടിത്തത്തിന് സഹായിക്കും. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നനയ്ക്കാതെ ശ്രദ്ധിക്കണം; കാരണം ഈ സമയത്താണ് മുരിങ്ങ പൂക്കുന്നത്.
നനവ് അധികമായാലും മുരിങ്ങ പൂക്കുകയില്ല. വെള്ളം കിട്ടാത്ത സമ്മര്‍ദ അവസ്ഥയില്‍ മുരിങ്ങ പൂക്കും. നന സ്ഥിരമായാലും പൂക്കുകയില്ല. അമിതവള പ്രയോഗവും മുരിങ്ങയ്ക്കു വേണ്ട. മഴക്കാലത്തു മരത്തിനു ചുറ്റും 10 സെന്റി മീറ്റര്‍ 15 സെന്റി മീറ്റര്‍ ആഴത്തില്‍ വളയാകൃതിയില്‍ കുഴി കുത്തി അതില്‍ പച്ചിലകളും ജൈവവളവും (കോഴിവളമെങ്കില്‍ കൂടുതല്‍ നന്ന്) ചാരവും ഇട്ട് മണ്ണിട്ട് മൂടുക. ഇത് കായ്പിടിത്തം പ്രോത്സാഹിപ്പിക്കും. മരമൊന്നിന് 7.5 കിലോ ജൈവവളവും 0.37 കിലോ അമോണിയം സള്‍ഫേറ്റും കായ്പിടിത്തം വര്‍ധിപ്പിക്കുമെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു.
മരമൊന്നിന് അഞ്ചുമുതല്‍ പത്തുകിലോ വരെ കോഴിവളം ചേര്‍ക്കുന്ന പതിവ് തമിഴ്‌നാട്ടിലും മറ്റുമുണ്ട്. കായികവളര്‍ച്ച നിയന്ത്രിച്ച് പ്രത്യുത്പാദന വളര്‍ച്ച വര്‍ധിപ്പിക്കാന്‍ മരം രണ്ടടി ഉയരമാകുമ്പോള്‍ തന്നെ കൊമ്പുകോതല്‍ തുടങ്ങുകയും തുടര്‍ന്ന് 25 ദിവസം തോറും ഇത് ആവര്‍ത്തിക്കുകയും ചെയ്യുന്നത് ഗുണപ്രദമാണ്.
ശാസ്ത്രീയമായി ശുപാര്‍ശ ചെയ്യുന്ന വളപ്രയോഗം ഇങ്ങനെ - പത്തുകിലോ ഉണക്കിപ്പൊടിച്ച ചാണകം, ഒരു കിലോ വേപ്പിന്‍പിണ്ണാക്ക്, അരക്കിലോ രാജ്ഫോസ് അല്ലെങ്കില്‍ മസൂറിഫോസ്, ഒരു കിലോ ചാരം എന്നിവ കലര്‍ത്തി ഒരു മുരിങ്ങയ്ക്കു മൂന്നു നാലു ചിരട്ട വീതം ഓരോ മുരിങ്ങയ്ക്കും നല്‍കുന്നതും നല്ലതാണ്. വലിയ മരമാകുമ്പോള്‍ ആനുപാതികമായി ഇതിന്റെ തോത് വര്‍ധിപ്പിക്കണം എന്നുമാത്രം.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: How to Grow and Care for Muringa Plants
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..