Mathrubhumi Archives
മട്ടുപ്പാവില്‍ കൃഷിചെയ്യുന്നതിനു വേണ്ടി കുറച്ചു ഗ്രോബാഗുകള്‍ വാങ്ങിയിട്ടുണ്ട്. ഇതെങ്ങനെ മിശ്രിതം നിറച്ചു കൃഷിക്കൊരുക്കും. എന്തൊക്കെ ശ്രദ്ധിക്കണം ?
മട്ടുപ്പാവ് പോലെ സൂര്യപ്രകാശം കിട്ടുന്നിടങ്ങള്‍ ഗ്രോബാഗ് കൃഷിക്ക് ഉത്തമമാണ്. ഗ്രോബാഗില്‍ അടിവശത്തു വെള്ളം വാര്‍ന്നുപോകാന്‍ പാകത്തില്‍ ചെറുസുഷിരങ്ങള്‍ ഉണ്ടാക്കണം. 1:1:1 എന്ന തുല്യ അളവില്‍ മേല്‍മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും കലര്‍ത്തുന്നതാണ് മിശ്രിതം.
ഇത് അല്പം നേരത്തേ തയ്യാറാക്കി വെയിലത്തിട്ടു ചൂട് കൊള്ളിച്ചെടുത്താല്‍ നന്നായിരിക്കും. ഇതിലേക്ക് 100 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും ചാരവും കൂടി ചേര്‍ത്താല്‍ ഏറെ നന്ന്. ചാരം കുറച്ചു കുറഞ്ഞാലും തരക്കേടില്ല. ബാഗില്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ ഏറ്റവും അടിയില്‍ ഒരിഞ്ചു മിശ്രിതം നിരത്തിയ ശേഷം ചെറിയ ഓടിന്റെ കഷണം ബാഗിന്റെ നടുവിലായി വയ്ക്കണം. വെള്ളം വാലാനാണിത്.
ഗ്രോബാഗ് മിശ്രിതത്തില്‍ ട്രൈക്കോഡെര്‍മ എന്ന മിത്രകുമിളിനെകൂടി ചേര്‍ത്ത് ഉപയോഗിച്ചാല്‍ പച്ചക്കറികളിലെ വിവിധ കുമിള്‍രോഗങ്ങളെ ചെറുക്കാം. ഗ്രാബാഗ് മുഴുവനായി മിശ്രിതം നിറയ്ക്കരുത്. പകുതി ഭാഗം മാത്രം മതി. പിന്നീട് ചെടി വളരുന്നതനുസരിച്ചു കുറേശ്ശേ മിശ്രിതം ചേര്‍ത്താല്‍ മതി. മൂന്നിഷ്ടിക അടുപ്പു കൂട്ടുന്നതുപോലെ വെച്ച് അതിനു മീതെയാണ് ഗ്രോബാഗ് വെയ്ക്കേണ്ടത്.
10 ദിവസം കഴിയുമ്പോള്‍ കളച്ചെടികള്‍ വല്ലതും വളരുന്നെങ്കില്‍ അതുംകൂടി നീക്കിയിട്ടേ തൈകള്‍ നടാനും വിത്ത് പാകാനും പാടുള്ളൂ. ആദ്യ മൂന്നുനാലു ദിവസം നേരിട്ട് വെയിലടിക്കാതൈവച്ചശേഷം വേണം സൂര്യപ്രകാശം കിട്ടുന്നിടത്തേക്കു മാറ്റിവെക്കാന്‍. അമിതമായി നനച്ചു ഗ്രോബാഗ് മിശ്രിതം വല്ലാതെ കുഴഞ്ഞുപോകാനും ഇടയാക്കരുത്.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: How to fill grow bags for vegetables
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..