Representative Image| Mathrubhumi Archives
നട്ട് ഒരു വര്‍ഷം പ്രായമായ തൈകളുടെ ഓലകളില്‍ ബ്രൗണ്‍നിറത്തില്‍ പുള്ളികള്‍ വീണ് കരിഞ്ഞുണങ്ങുന്നു. ബോര്‍ഡോ മിശ്രിതം തളിച്ചു. തുടര്‍ന്നുവരുന്ന നാമ്പോലകളുടെ അഗ്രഭാഗം മഞ്ഞളിച്ചു മുകളില്‍നിന്ന് താഴേക്ക് വരകള്‍ വീഴുന്നു. എന്താണ് കാരണം?
തെങ്ങുകളില്‍ അപൂര്‍വമായി കാണാറുള്ള ഇലപ്പുള്ളി അഥവാ ചാരപ്പുള്ളി എന്ന കുമിള്‍രോഗമാണിത്. നാട്ടുഭാഷയില്‍ 'കണ്ണംകുത്തു' എന്നും പറയും. നഴ്‌സറികളിലും തൈകളിലും ഇത് ചിലപ്പോള്‍ കാണാറുണ്ട്. രോഗബാധ രൂക്ഷമായാല്‍ അത്തരം ഓലകള്‍ മുറിച്ചുമാറ്റി നശിപ്പിക്കണം. കത്തിച്ചുകളയാം. താങ്കള്‍ ചെയ്തതുപോലെ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുകയാണ് ഉത്തമ പ്രതിവിധി. ഫലവത്തായില്ലെങ്കില്‍ വീണ്ടും ഇതാവര്‍ത്തിക്കണം. അല്ലെങ്കില്‍ 'പ്രൊപികൊണസോള്‍' എന്ന കുമിള്‍നാശിനി ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കാം. ചാരപ്പുള്ളി കുറയും.
പൊട്ടാസ്യം ക്ലോറൈഡിന്റെ പ്രയോഗം ഇലപ്പുള്ളിക്കു ഫലപ്രദമാണ്. പൊട്ടാസ്യം ക്ലോറിനുമായി ചേര്‍ന്നാല്‍ അത് ചാരപ്പുള്ളി പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. ഇവിടെയാണ് സമീകൃത വളപ്രയോഗത്തിന്റെ പ്രാധാന്യം. പ്രത്യേകിച്ച് തൈത്തെങ്ങുകള്‍ക്ക്.
വളശുപാര്‍ശ ഇങ്ങനെ: തൈ നട്ട് ഓഗസ്റ്റ് - സെപ്റ്റംബറില്‍ 100 ഗ്രാം യൂറിയ, 160 ഗ്രാം മസൂറിഫോസ്, 200 ഗ്രാം പൊട്ടാഷ്; ആദ്യ വര്‍ഷം മേയ്-ജൂണില്‍ ഇവ യഥാക്രമം 110-175-220; ഓഗസ്റ്റ് - സെപ്റ്റംബറില്‍ 220-350-440; രണ്ടാം വര്‍ഷം മേയ്-ജൂണ്‍ 220-350-440; ഓഗസ്റ്റ്-സെപ്റ്റംബറില്‍ 440-700-880; മൂന്നാം കൊല്ലം മുതല്‍ മേയ്-ജൂണ്‍ 330-525-660; ഓഗസ്റ്റ്-സെപ്റ്റംബറില്‍ 660-1050-1320 ഗ്രാം വീതവും മുടങ്ങാതെ നല്‍കണം.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: How to control Diseases and Symptoms in Coconut
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..