ജാതി | ഫോട്ടോ : മാതൃഭൂമി
ജാതിക്ക് എന്ത് വളമാണ് ചേര്‍ക്കേണ്ടത്, എപ്പോള്‍ ചേര്‍ക്കണം. ബോറോണ്‍ നല്‍കേണ്ട ആവശ്യമുണ്ടോ ?
വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന സുഗന്ധവിളയാണ് ജാതി. വളര്‍ച്ചദശ അനുസരിച്ച് വളത്തിന്റെ അളവില്‍ മാറ്റം വരുത്തണം എന്നുമാത്രം. ഒരു വയസ്സ് പ്രായമാകുമ്പോള്‍ മുതല്‍ വളംചേര്‍ക്കല്‍ തുടങ്ങാം. ഒരു വര്‍ഷമായ തൈകള്‍ക്ക് 10-20 കിലോവരെ ജൈവവളം ചേര്‍ക്കാം.
ഇതിന് കമ്പോസ്റ്റ്, ചാണകപ്പൊടി, എല്ലുപൊടി, കോഴിവളം, ആട്ടിന്‍കാഷ്ഠം, വേപ്പിന്‍പിണ്ണാക്ക് എന്നിവ ഏതും ഉപയോഗിക്കാം. ഇത് ക്രമേണ വര്‍ധിപ്പിച്ച് 15 വര്‍ഷമായ ഒരു മരത്തിന് 50-100 കിലോ എന്നതോതില്‍ ജൈവവളം ഒരു വര്‍ഷം കിട്ടുന്നു എന്നുറപ്പാക്കണം. ഇനി രാസവള പ്രയോഗം നോക്കാം. പൂര്‍ണവളര്‍ച്ചയായ ഒരു മരത്തിന് ജൈവവളത്തിനു പുറമേ ആദ്യവര്‍ഷം 40 ഗ്രാം യൂറിയ, 90 ഗ്രാം മസൂറിഫോസ്, 85 ഗ്രാം പൊട്ടാഷ്.
രണ്ടാം വര്‍ഷം ഇതിന്റെ തോത് ഇരട്ടിയാക്കണം. ഇങ്ങനെ ക്രമേണ വര്‍ധിപ്പിച്ച് 15 വര്‍ഷമാകുമ്പോള്‍ ഈ അളവുകള്‍ 1100 ഗ്രാം യൂറിയ, 1250 ഗ്രാം മസൂറിഫോസ്, 1275 ഗ്രാം പൊട്ടാഷ് എന്നിങ്ങനെയാക്കണം. ആകെ വളം രണ്ടു തുല്യ അളവുകളായി വിഭജിച്ച് രണ്ടുപ്രാവശ്യം ചേര്‍ക്കണം. ഏപ്രില്‍-മേയിലും സെപ്റ്റംബര്‍-ഒക്ടോബറിലും. പൊതുവേ ജാതിയുടെ വേരുപടലം മണ്ണിന്റെ മുകള്‍പ്പരപ്പിലായതിനാല്‍ ചെടിക്കുചുറ്റും ഒന്നര-രണ്ടു മീറ്ററെങ്കിലും വിട്ട് മണ്ണിളക്കി വളം ചേര്‍ക്കുന്നതാണ് നല്ലത്.
വളംചേര്‍ക്കലിനോടൊപ്പം തടത്തില്‍ ധാരാളം പുതയിടാനും ശ്രദ്ധിക്കണം. കൂടാതെ ഒന്നിടവിട്ട വര്‍ഷം മരമൊന്നിന് അരമുതല്‍ ഒന്നര കിലോവരെ കുമ്മായവും ചേര്‍ക്കാം. ചിലയിടങ്ങളില്‍ പൂര്‍ണമായും ജൈവവളങ്ങള്‍ ചേര്‍ത്ത് ജാതി വളര്‍ത്തുന്ന പതിവുണ്ട്. ഇവിടെ മരമൊന്നിന് 100-150 കിലോ കമ്പോസ്റ്റ്/ചാണകപ്പൊടി, ഒന്നരക്കിലോ എല്ലുപൊടി, എട്ടുകിലോ പുളിയില്ലാത്ത ചാരം എന്നതാണ് തോത്. എങ്കിലും സമീകൃതമായ ജൈവ-രാസവള പ്രയോഗം ആണ് എപ്പോഴും മികച്ച വിളവിനിടയാക്കുന്നത് എന്നതാണ് വാസ്തവം. ജാതിച്ചുവട്ടില്‍ സദാ കനത്തില്‍ പുതയിടണം എന്നത് മറക്കാതിരിക്കുക.
ബോറോണ്‍ അഭാവം ജാതിക്കായ്കള്‍ മൂക്കുംമുമ്പ് വിണ്ടുപൊട്ടി വീഴാനിടയാക്കും. പൊട്ടാഷ് കുറഞ്ഞാലും ഇങ്ങനെ സംഭവിക്കാം. മണ്ണ് പരിശോധന വഴി ഇതറിയാന്‍ കഴിയും. ഇങ്ങനെ കണ്ടാല്‍ മാത്രം മരം ഒന്നിന് 50-100 ഗ്രാം ബോറാക്‌സ് മണ്ണില്‍ ചേര്‍ത്ത് ഇത് പരിഹരിക്കാം.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Guide lines for Nutmeg Farming
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..