
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ധാരാളം കറിവേപ്പുണ്ട് വീട്ടുപറമ്പില്‍. ഇലകളില്‍ കരുമ്പന്‍ ഉണ്ടാകുന്നതുപോലെ കറുപ്പ് പടരുന്നു. ചെടികള്‍ക്ക് വാട്ടവും തോന്നുന്നുണ്ട്. പരിഹാരം എന്താണ് ?
വീട്ടുപച്ചക്കറികളില് ഒരിക്കലും രാസകീടനാശിനിപ്രയോഗം കഴിയില്ല. പ്രത്യേകിച്ച് ഇലകള്തന്നെ നേരിട്ട് ആഹാരാവശ്യത്തിന് ഉപയോഗിക്കുന്ന കറിവേപ്പ് പോലുള്ള വിളകളുടെ കാര്യത്തില്‍. അപായരഹിതമായ ജൈവകീടനാശിനികള്‍ യഥാസമയം പ്രയോഗിക്കുക വഴി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. പ്രതിരോധചികിത്സയാണ് ഇവിടെ ഏറ്റവും ഫലപ്രദം. കറിവേപ്പിലകളില്‍ കരിംപൂപ്പ് (സൂട്ടി മോള്‍ഡ്) ഉണ്ടാക്കുന്നത് പ്രധാനമായും രണ്ടു കീടങ്ങളുടെ സാന്നിധ്യമാണ്. ഒന്ന് മൂഞ്ഞയും ഇനിയൊന്ന് ശല്ക്കപ്രാണിയും.
ഈ രണ്ടു പ്രാണികളുടെയും മധുരവിസര്ജ്യത്തില് വളരുന്ന കുമിളാണ് കരിംപൂപ്പ് എന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഈ മധുരവിസര്ജ്യം കഴിക്കാനെത്തുന്ന ഉറുമ്പുകളും പ്രശ്നം കൂടുതല്‍ വഷളാക്കും. ഈ കുമിള്‍ നേരിട്ട് ചെടിക്ക് ഉപദ്രവമല്ലെങ്കിലും ഇലകളുടെ പ്രതലമാകെ കരുമ്പന്‍ പടരുന്നതുനിമിത്തം ഇലകള്‍ക്ക് പ്രവര്‍ത്തനശേഷി കുറഞ്ഞും നഷ്ടമായും അത് പൊതുവായ വളര്‍ച്ചതന്നെ തടസ്സപ്പെടുത്തും. നിയന്ത്രിച്ചില്ലെങ്കില്‍ ചെടി പാടേ നശിക്കും.
മൂഞ്ഞ, ശല്ക്കപ്രാണി എന്നിവയെ നശിപ്പിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി. വിവിധ രീതികളുണ്ട് ഇതിന്. ജൈവകീടനാശിനികളായ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം, ആവണക്കെണ്ണ-വേപ്പെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ എമല്‍ഷന്‍, പുകയിലക്കഷായം, കിരിയാത്ത്-സോപ്പ്-വെളുത്തുള്ളി മിശ്രിതം; വേപ്പുപയോഗിച്ചു തയ്യാറാക്കിയ കീടനാശിനികളായ നീം, അസാഡിറാക്റ്റിന്, നിംബിസിഡിന്‍, എക്കോനീം, എക്കോനീം പ്ലസ്, നീം ഗോള്‍ഡ് തുടങ്ങിയവ. ഇവ വീര്യത്തില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളുടെ ഇരുവശവും നന്നായി തളിക്കുക.
കീടനിയന്ത്രണത്തിന് വെര്‍ട്ടിസീലിയം അല്ലെങ്കില്‍ ബിവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക. മൂഞ്ഞകളെയും ശല്ക്കപ്രാണികളെയും ഒരുപോലെ നിയന്ത്രിക്കാന്‍ കഴിവുള്ള നന്മ, മേന്മ എന്നീ ജൈവകീടനാശിനികളും വളരെ ഫലപ്രദമാണ്. ഇത് 10 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചുവേണം ഇലകളില്‍ നന്നായി തളിക്കാന്‍. ഒരു ടീസ്പൂണ്‍ ഡിഷ് വാഷ് ലിക്വിഡ് സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക. ഇതോടൊപ്പംതന്നെ ഒരു ടീസ്പൂണ്‍ വേപ്പെണ്ണകൂടെ ചേര്‍ത്ത് തളിക്കുക. ഒരിലയിലോ മറ്റോ പുരട്ടി ചെടിക്ക് തകരാറില്ല എന്നുറപ്പാക്കി രണ്ടു മണിക്കൂര്‍ കഴിഞ്ഞുവേണം ഇവ ചെയ്യാന്‍. പ്രതിരോധമായി ചെയ്യാനായാല്‍ ഇവയെല്ലാം പൂര്ണഫലപ്രദമാണ്.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..