പപ്പായ
പപ്പായച്ചെടികള്‍ എളുപ്പം കായ്ക്കുന്നുണ്ട്. പക്ഷേ, നാലഞ്ചു കായകള്‍ വന്നശേഷം ഇലകള്‍ മുകളിലേക്ക് പോകുംതോറും വിളറിച്ചെറുതായി വെളുത്തു ചുരുണ്ടുപോകുന്നു. വീട്ടിനടുത്ത് 500 അടി ദൂരത്ത് ഒരു ടവറുണ്ട്. അതാണോ കാരണം. കുരുടിപ്പുമാറ്റാന്‍ എന്തുചെയ്യണം ?
പപ്പായയ്ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇപ്പോള്‍ വൈറസ് രോഗങ്ങളാണ്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് 'റിങ് സ്‌പോട്ട് വൈറസ്' വരുത്തുന്ന രോഗം. രോഗമുള്ള തൈകള്‍ നടുന്നതു വഴിയോ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍വഴിയോ ആണ് മിക്കവാറും വ്യാപിക്കുന്നത്. മുഞ്ഞകളാണ് വൈറസിന്റെ വ്യാപനം നടത്തുന്നത്. വെള്ളീച്ചകളും വൈറസ് വാഹകരാണ്.
ഇതിന് വേപ്പെണ്ണ-സോപ്പ് മിശ്രിതം(അഞ്ച് മില്ലി വേപ്പെണ്ണ, ഒരു ലിറ്റര്‍ വെള്ളം, 10 ഗ്രാം സോപ്പ്) തളിക്കുന്നതോടൊപ്പം സ്യൂഡോമോണസ് ലായനിയും (20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത്) തളിച്ചുകൊടുക്കണം. ഇത് രോഗബാധ കാര്യമായി കുറയ്ക്കുമെന്ന് പരീക്ഷണങ്ങളില്‍നിന്ന് തെളിഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ നിംബിസിഡിന്‍ രണ്ടുമില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് തളിക്കാം. തുടര്‍ന്ന് വെര്‍ട്ടിസിലിയം 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം. വൈറസ്ബാധ രൂക്ഷമെങ്കില്‍ തയോമെത്തോക്‌സാം അഞ്ചുഗ്രാം 20 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചുതളിക്കാം.
ഇതിനൊക്കെപുറമേ ഇലചുരുളലുണ്ടെങ്കിലും കായ പിടിച്ചുനില്‍ക്കുന്ന മരങ്ങളില്‍ 10 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് ലായനിരൂപത്തില്‍ തളിച്ച് ഇലകളുടെ ആരോഗ്യം നിലനിര്‍ത്താം. വീടിനടുത്തുള്ള ടവറും ഈ വൈറസ് രോഗവുമായി ഒരു ബന്ധവുമില്ല.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: How to Control of Rringspot virus in Papaya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..